ന്യൂഡല്‍ഹി: യമുനാ നദി കര കവിഞ്ഞതോടെ രാജ്യ തലസ്ഥാനം കടുത്ത പ്രളയക്കെടുതിയില്‍. റോഡുകള്‍ പലതും വെള്ളത്തിനടിയിലായി. കൂറ്റന്‍ കണ്ടെയ്നര്‍ ട്രക്കുകളും ബസുകളുമടക്കം മുങ്ങി. ഞായറാഴ്ച വരെ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കി.
ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന സ്ലീപ്പര്‍ ബസുകളടക്കമാണ് മുങ്ങിപ്പോയത്. ട്രക്കുകള്‍ ഒഴുകിപ്പോകാതിരിക്കാന്‍ കയര്‍ കൊണ്ട് കെട്ടി നിര്‍ത്തിയിരിക്കുകയാണ് പല സ്ഥലത്തും.
യമുനാ ബസാര്‍ പ്രദേശത്ത് നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഈ പ്രദേശത്തു നിന്നും ബോട്ടുകള്‍ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം വഴിതിരിച്ചു വിട്ടതോടെ മറ്റുപല റോഡുകളിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയുടെ 350 മീറ്റര്‍ അടുത്തുവരെ പ്രളയ ജലം എത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആശുപത്രികളിലടക്കം വെള്ളം കയറി. 1978 ലാണ് സമാനമായ പ്രളയമുണ്ടായിട്ടുള്ളത്.
ചെങ്കോട്ടയുടെ പരിസരത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ചെങ്കോട്ട തല്‍ക്കാലത്തേക്ക് അടച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെയാണ് നിലവില്‍ ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുള്ളത്.
രാജ്യ തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 2500 പേരെ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞുവെന്ന് എന്‍ഡിആര്‍എഫ് ഡിഐജി പറഞ്ഞു. അതിനിടെ യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച ഉച്ചയോടെ 208.62 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.