അമേരിക്കയിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സമരം ഓസ്‌ട്രേലിയയിലേക്കും; ചിത്രീകരണം നിര്‍ത്തിവച്ച് പണിമുടക്കില്‍ പങ്കുചേര്‍ന്നു

അമേരിക്കയിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സമരം ഓസ്‌ട്രേലിയയിലേക്കും; ചിത്രീകരണം നിര്‍ത്തിവച്ച് പണിമുടക്കില്‍ പങ്കുചേര്‍ന്നു

ലോസ് ഏഞ്ചലസ്: അമേരിക്കയില്‍ എഴുത്തുകാര്‍ക്കൊപ്പം ചലച്ചിത്ര താരങ്ങളും അനിശ്ചിത കാല പണിമുടക്ക് തുടങ്ങിയതോടെ ഹോളിവുഡ് നിശ്ചലമാകുന്നു. പുതിയ സിനിമകളുടെയും സീരീസുകളുടെയും നിര്‍മാണം നിലച്ചു. അവതാര്‍, ഗ്ലാഡിയേറ്റര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തുടര്‍ ഭാഗങ്ങളുടെ ചിത്രീകരണവും പ്രതിസന്ധിയിലാണ്. 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സമരത്തിനാണ് ഹോളിവുഡ് സാക്ഷ്യം വഹിക്കുന്നത്.

അതിനിടെ ഹോളിവുഡില്‍ നടക്കുന്ന സമരത്തിന് പിന്തുണ അര്‍പ്പിച്ച് ഓസ്‌ട്രേലിയയിലെ നൂറുകണക്കിന് ടെലിവിഷന്‍, സിനിമാ പ്രവര്‍ത്തകരും സമരം ആരംഭിച്ചു. ഇതോടെ ക്വീന്‍സ്‌ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റില്‍ ചിത്രീകരണം പുരോഗമിക്കുന്ന രണ്ട് ഫീച്ചര്‍ ഫിലിമുകളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി.

യുഎസ് പിന്തുണയുള്ള ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും പ്രവര്‍ത്തിക്കുന്ന ഓസ്ട്രേലിയന്‍ അഭിനേതാക്കളും സംഘവും സിനിമാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി സ്‌ക്രീന്‍ പ്രൊഡ്യൂസേഴ്സ് ഓസ്ട്രേലിയ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

വേതനവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യമുന്നയിച്ച് ഹോളിവുഡില്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് സ്‌ക്രീന്‍ ആക്‌റ്റേഴ്‌സ് ഗില്‍ഡിന് കീഴില്‍ വരുന്ന 1,60,000 നടീനടന്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.

നിര്‍മാണ കമ്പനികളും അമിത ലാഭം കൊയ്യുന്ന ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും ലാഭവിഹിതം നീതിയുക്തമായി പങ്കിടണമെന്നും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. അതിനൊപ്പം ഭാവിയില്‍ സിനിമാ താരങ്ങളെ ഇല്ലാതാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ അതിപ്രസരം കുറയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. നടീനടന്മാരുടെ ഏതെങ്കിലും ഒരു പോസിലുള്ള ഇമേജ് എടുത്ത് കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തി ഒരു സിനിമ പൂര്‍ണ്ണമായും നിര്‍മ്മിക്കാനുള്ള നീക്കം ഭാവിയില്‍ സിനിമാമേഖലയ്ക്ക് ദോഷം ഉണ്ടാക്കുമെന്നാണ് സമരക്കാരുടെ വാദം.

വെള്ളിയാഴ്ച മുതല്‍ ന്യൂയോര്‍ക്കിലെയും ലോസ് ഏഞ്ചലസിലെയും സ്റ്റുഡിയോ ആസ്ഥാനങ്ങള്‍ക്ക് പുറത്ത് പ്‌ളക്കാര്‍ഡും പിടിച്ച് സൂപ്പര്‍താരങ്ങള്‍ അടക്കമാണ് സമരം ചെയ്യുന്നത്.

പ്രധാന സ്റ്റുഡിയോകളായ ഡിസ്‌നി, നെറ്റ്ഫ്‌ളിക്‌സ്, പാരമൗണ്ട് എന്നിവയുടെ ഓഫീസുകള്‍ക്ക് സമീപം സമരക്കാര്‍ പിക്കറ്റിംഗ് നടത്തിയിരുന്നു.

അഭിനയം മാത്രമല്ല, വന്‍കിട സിനിമകളുടെ പ്രചാരണ പരിപാടികളും താരങ്ങള്‍ ബഹിഷ്‌കരിക്കും. ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന ഡിസ്നിയുടെ സിനിമ ഹണ്ടഡ് മാന്‍ഷനും ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ ഹെയ്മറും അടക്കമുള്ള സിനിമകളുടെ റെഡ് കാര്‍പ്പറ്റ് പ്രീമിയറുകളെയും സമരം ബാധിച്ചു. വന്‍കിട ചലച്ചിത്രങ്ങള്‍ക്കൊപ്പം ഒട്ടേറെ ടെലിവിഷന്‍ സീരീസുകളുടെയും ഷൂട്ടിങും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലച്ചു.

സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് മേയ് രണ്ട് മുതല്‍ തിരക്കഥാകൃത്തുക്കളുടെ സംഘടനയായ റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്കയും സമരത്തിലാണ്. ഇതോടെ ഹോളിവുഡ് ഏറെക്കുറെ നിശ്ചലമാവുമെന്ന് ഉറപ്പായി. 1960 ന് ശേഷം ആദ്യമായാണ് യു.എസില്‍ ചലച്ചിത്ര താരങ്ങളും എഴുത്തുകാരും ഒരുമിച്ച് സമരം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. അതേസമം അഭിനേതാക്കളുടേയും എഴുത്തുകാരുടേയും ആവശ്യം അപ്രായോഗികമാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് നിര്‍മാതാക്കളുടെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.