വത്തിക്കാന്‍ സിനഡില്‍ പങ്കെടുക്കുന്നവരില്‍ മെത്രാന്മാര്‍ക്ക് പുറമേ രണ്ടു സന്യസ്ഥരും ഒരു അല്‍മായനുമടക്കം മൂന്നു മലയാളികള്‍

വത്തിക്കാന്‍ സിനഡില്‍ പങ്കെടുക്കുന്നവരില്‍ മെത്രാന്മാര്‍ക്ക് പുറമേ രണ്ടു സന്യസ്ഥരും ഒരു അല്‍മായനുമടക്കം മൂന്നു മലയാളികള്‍

ചങ്ങനാശേരി: വത്തിക്കാനില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 29 വരെ നടക്കുന്ന സിനഡില്‍ ബിഷപ്പുമാര്‍ക്ക് പുറമേ പങ്കെടുക്കുന്നവരില്‍ രണ്ടു സന്യസ്ഥരും ഒരു അല്‍മായനുമടക്കം മൂന്നു മലയാളികള്‍ ഉള്‍പ്പെടുന്നു. ചങ്ങനാശേരി ചെത്തിപ്പുഴ ഇടവകാംഗവും ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്ന മാത്യു തോമസ് പാറക്കാട്, മാനന്തവാടി രൂപതാംഗവും ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സീറോ മലബാര്‍ ചാന്‍സിലറുമായ ഫാ. സിജീഷ് പുല്ലാന്‍കുന്നേല്‍, എറണാകുളം സ്വദേശി സിസ്റ്റര്‍ ടാനിയ ജോര്‍ജ് എന്നിവരാണ് സിനഡില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ച മലയാളികള്‍.

ആഗോള സിനഡിന് മുന്നോടിയായി നടന്ന കോണ്ടിനെന്റല്‍ സിനഡിലും മാത്യു തോമസ് പങ്കെടുത്തിരുന്നു. 15 വര്‍ഷമായി ദുബായിലെ കമ്പനിയില്‍ എച്ച്ആര്‍ മാനേജരായി ജോലി ചെയ്യുന്ന മാത്യു തോമസ് ദുബായ് സെന്റ് മേരിസ് പാരിഷ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റായിരുന്നു.

മലയാളിയായ സിസ്റ്റര്‍ ടാനിയ ജോര്‍ജ് സിനഡ് സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലാണ് സംബന്ധിക്കുന്നത്. വത്തിക്കന്‍ റേഡിയോയുടെ മലയാളം വിഭാഗത്തില്‍ സേവനം ചെയ്തിരുന്ന സിസ്റ്റര്‍ നിലവില്‍ റോമില്‍ പാസ്റ്ററല്‍ കമ്മ്യൂണിക്കേഷനില്‍ പിഎച്ച്ഡി ചെയ്യുകയാണ്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതാ ചാന്‍സിലറായ ഫാ. സിജീഷ് പുല്ലാന്‍കുന്നേല്‍ ഓഷ്യാനിയ മേഖലയെ പ്രതിനിധീകരിച്ചാണ് സിനഡില്‍ പങ്കെടുക്കുന്നത്.

സിനാത്മകതയെക്കുറിച്ച് ഈ വരുന്ന ഒക്ടോബര്‍ ഒന്നു മുതല്‍ 29 വരെയാണ് പതിനാറാമത് ജനറല്‍ അസംബ്ലി നടക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച പട്ടിക നേരത്തെ പുറത്തു വിട്ടിരുന്നു. ആറു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കാളിത്തം ഉറപ്പാക്കിയിട്ടുള്ളതാണ് പട്ടിക. സിനഡിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് 54 സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നത്.

സീറോ മലബാര്‍ സഭയില്‍ നിന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, സീറോ മലങ്കര സഭയില്‍ നിന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, ലത്തീന്‍ സഭയില്‍ നിന്ന് കര്‍ദിനാള്‍ ഡോ. ഫിലിപ്പ് നേരി ഫെറാവോ, കര്‍ദിനാള്‍ അന്തോണി പൂല, ആര്‍ച്ച് ബിഷപ് ഡോ.ജോര്‍ജ് അന്തോണിസാമി, ബിഷപ് ഡോ.അലക്സ് വടക്കുംതല എന്നിവര്‍ പങ്കെടുക്കും.

കര്‍ദിനാള്‍മാരുടെ ഉപദേശകസമിതി അംഗമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സന്യാസിനികളുടെ പ്രതിനിധിയായി സിആര്‍ഐ വനിതാ വിഭാഗം അധ്യക്ഷയും അപ്പസ്തോലിക് കാര്‍മല്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറലുമായ സിസ്റ്റര്‍ മരിയ നിര്‍മലീനി എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റു രണ്ടുപേര്‍.

കൂടുതല്‍ വായനയ്ക്ക്: മെത്രാന്മാരുടെ സിനഡ് അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; സീറോ മലബാര്‍ സഭയില്‍ നിന്നും മൂന്നു മെത്രാന്മാരും വനിതാ സന്യസ്ത പ്രതിനിധിയും 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.