സിയോള്‍: അനധികൃതമായി ദക്ഷിണ കൊറിയന്‍ അതിര്‍ത്തി കടന്നെത്തിയ അമേരിക്കന്‍ സൈനികനെ തടവിലാക്കി ഉത്തര കൊറിയ. ഉത്തര - ദക്ഷിണ കൊറിയകളെ വേര്‍തിരിക്കുന്ന സൈനിക അതിര്‍ത്തി രേഖയായ ജോയിന്റ് സെക്യൂരിറ്റി ഏരിയ (ജെഎസ്എ) കടന്നതിനാണ് അമേരിക്കന്‍ സൈനികനായ ട്രാവിസ് കിങ്ങിനെ (23) തടവിലാക്കിയത്. അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോം സന്ദര്‍ശിക്കുന്നതിനിടെ, അനുമതിയില്ലാതെ ഉത്തരകൊറിയയിലേക്ക് കടന്നതാണ് തടവിലാക്കാന്‍ കാരണമെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഉത്തര കൊറിയന്‍ സൈന്യവുമായി ബന്ധപ്പെടുന്നുണ്ടെന്നും യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡ് അറിയിച്ചു.
സൈനികന്റെ മോചനത്തിനായി അമേരിക്കയും ദക്ഷിണ കൊറിയയും ശ്രമങ്ങള്‍ തുടങ്ങി. വിഷയത്തില്‍ ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല.
ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിരുന്ന ഈ സൈനികനെ അച്ചടക്ക കാരണങ്ങളാല്‍ യു.എസിലേക്ക് തിരികെ വിളിച്ചിരുന്നു. എന്നാല്‍, വിമാനത്താവളത്തില്‍ നിന്ന് കടന്ന സൈനികന്‍ അതിര്‍ത്തി സന്ദര്‍ശനത്തിന് പോയ ഒരു സംഘത്തോടൊപ്പം ചേരുകയായിരുന്നു. ഇയാള്‍ ബോധപൂര്‍വം ഉത്തര കൊറിയയിലേക്കു കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സൈനികന്‍ എന്തിനാണ് അതീവ സുരക്ഷാമേഖലയിലെ അതിര്‍ത്തി കടന്നതെന്നോ, എങ്ങനെ കടന്നുവെന്നതിലോ വ്യക്തതയില്ല. സൈനികന്‍ ഡ്യൂട്ടിയിലായിരുന്നോ എന്നും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഉത്തരകൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങളെച്ചൊല്ലി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഈ അതിര്‍ത്തി കടക്കല്‍.
സംഭവത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയവും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
248 കിലോമീറ്ററുള്ള സൈനിക മേഖലയാണ് പാന്‍മുന്‍ജോം. 1950 - 1953 കൊറിയന്‍ യുദ്ധത്തിന് ശേഷം, രാഷ്ട്രീയ അടിച്ചമര്‍ത്തലുകളില്‍ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷതേടി 30,000-ത്തിലധികം ഉത്തര കൊറിയക്കാര്‍ ദക്ഷിണ കൊറിയയില്‍ അഭയം തേടിയിട്ടുണ്ട്.
പാന്‍മുന്‍ജോം മേഖലയില്‍ വെടിവയ്പ്പും മറ്റ് ആക്രമണങ്ങളും പല തവണയുണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി ചര്‍ച്ചകള്‍ക്ക് വേദിയായിട്ടുള്ള മേഖല കൂടിയാണിത്. യുഎന്‍ കമാന്‍ഡും ഉത്തര കൊറിയയും സംയുക്തമായാണ് ഈ പ്രദേശം നിയന്ത്രിക്കുന്നത്. യുദ്ധസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രത്യേക ടൂറിസം പദ്ധതി കൂടി ഇവിടെയുണ്ട്.
സമീപവര്‍ഷങ്ങളില്‍, ചൈനീസ് അതിര്‍ത്തി വഴി ഉത്തര കൊറിയയിലേക്ക് പ്രവേശിച്ച അമേരിക്കന്‍ പൗരന്മാര്‍ ചാരവൃത്തിക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. അമേരിക്കയുടെ ഉന്നത ഇടപെടലുകളെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. പിന്നാലെ അമേരിക്കന്‍ പൗരന്മാര്‍ ഉത്തര കൊറിയയില്‍ പ്രവേശിക്കരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കിയിരുന്നു.
2016-ല്‍ യുഎസില്‍ നിന്നുള്ള വിദ്യാര്‍ഥി ഹോട്ടലിന്റെ ചുമരില്‍ നിന്ന് ഒരു പ്രചാരണ പോസ്റ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഉത്തരകൊറിയയില്‍ അറസ്റ്റിലായിരുന്നു. 17 മാസത്തിന് ശേഷം കോമ അവസ്ഥയിലാണ് മോചിപ്പിച്ചത്. അമേരിക്കയിലെത്തിയതിന് പിന്നാലെ വിദ്യാര്‍ഥി മരിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തര കൊറിയയില്‍ കടക്കരുതെന്ന് അമേരിക്ക പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.