'അധികാരത്തിന് വേണ്ടി മണിപ്പൂരിനെയല്ല രാജ്യം തന്നെ അവര്‍ ചുട്ടെരിക്കും': ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

'അധികാരത്തിന് വേണ്ടി മണിപ്പൂരിനെയല്ല രാജ്യം തന്നെ അവര്‍ ചുട്ടെരിക്കും': ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വീണ്ടും കടന്നാക്രമിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മണിപ്പൂരിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്താണ് ചെയ്തിട്ടുളളതെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി അവരുടെ ആശയങ്ങളാണ് മണിപ്പൂരിനെ കലാപഭൂമിയാക്കിയതെന്നും കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മണിപ്പൂര്‍ കത്തുന്നതിന് കാരണം രാഹുല്‍ ഗാന്ധിയാണ് എന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. ഇതിന് മറുപടിയായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ രാഹുല്‍ തിരിച്ചടിച്ചത്.

'എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് സംസാരിക്കാത്തത്. കാരണം നരേന്ദ്ര മോഡിക്ക് മണിപ്പൂരില്‍ ഒന്നും ചെയ്യാനില്ല. അവരുടെ പ്രത്യയശാസ്ത്രമാണ് ഇപ്പോള്‍ മണിപ്പൂരിനെ ചുട്ടെരിക്കുന്നത് എന്ന് അവര്‍ക്ക് അറിയാം. ബിജെപിക്കും ആര്‍എസ്എസിനും അധികാരം മാത്രമാണ് വേണ്ടത്. അതിനായി അവര്‍ എന്തും ചെയ്യും. അധികാരത്തിന് വേണ്ടി അവര്‍ മണിപ്പൂര്‍ കത്തിക്കും, അവര്‍ രാജ്യം തന്നെ ചുട്ടെരിക്കും'- രാഹുല്‍ ഗാന്ധി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

'ജനങ്ങളുടെ വിഷമങ്ങളും വേദനകളും അവര്‍ക്ക് വിഷയമേ അല്ല. നിങ്ങളുടെ ഉളളില്‍ രാജ്യത്തോടുളള സ്നേഹമുണ്ടെങ്കില്‍, രാജ്യത്തിനും പൗരന്മാര്‍ക്കും നോവുമ്പോള്‍ നിങ്ങള്‍ക്കും വേദനിക്കും. എന്നാല്‍ ബിജെപിക്കും ആര്‍എസ്എസിനും അങ്ങനെയല്ല.

ചില ആളുകളുടെ മാത്രം പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. മണിപ്പൂര്‍ ദുരിതത്തിലായിരിക്കുന്നതിലോ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിലോ അദ്ദേഹത്തിന് യാതൊരു ആശങ്കയുമില്ല. അദേഹത്തിന് അധികാരം മാത്രമാണ് വേണ്ടത്. അതിന് വേണ്ടി എന്തും ചെയ്യും.

മണിപ്പൂരിനെയാകട്ടെ, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് അങ്ങനെ രാജ്യത്തെ ആകെ കത്തിക്കും. കാരണം അധികാരം മാത്രമാണ് അദ്ദേഹത്തിന് വേണ്ടത്. മറ്റൊന്നും വേണ്ട' - രാഹുല്‍ ഗാന്ധി തുറന്നടിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.