മണിപ്പൂരില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവയ്പ്പ്: രണ്ടു പേര്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

മണിപ്പൂരില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവയ്പ്പ്: രണ്ടു പേര്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ കര്‍ഷകര്‍ക്കു നേരെയുള്ള വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിയിലെ നെല്‍പാടത്ത് പണിക്കെത്തിയ കര്‍ഷകര്‍ക്ക് നേരെയായിരുന്നു അക്രമം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തെന്നാണ് സൂചന.

ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ അതിര്‍ത്തിയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. മരിച്ച രണ്ടാമത്തെ വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമാധാനം പുനസ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ വിവിധ ഇടങ്ങളില്‍ പണിക്കിറങ്ങിയത്. എന്നാല്‍ അക്രമികളുടെ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മണിപ്പൂരില്‍ കുക്കി മേഖലകള്‍ക്ക് പ്രത്യേക ഭരണം എന്നാവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. ഹില്‍ കൗണ്‍സിലുകള്‍ക്ക് സ്വയംഭരണം നല്‍കാമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. എന്നാല്‍ ഇതിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഇംഫാലിന് സമീപം അഞ്ച് വീടുകള്‍ക്ക് തീയിട്ടു.

മണിപ്പൂരിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്യുന്ന യതൊരു നീക്കത്തിനും സാധ്യമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ മലയോര കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കാമെന്നും പ്രത്യേക ഭരണകൂടം എന്ന കുക്കി സംഘടനകളുടെ ആവശ്യത്തെ അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും മലയോര കൗണ്‍സിലുകളുടെ സ്വയം ഭരണാവകാശ അധികാരം വിപുലീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചെന്നും മുഖ്യമന്ത്രി ബീരേന്‍ സിങ് പ്രതികരിച്ചു.

കഴിഞ്ഞ നാല് മാസമായി മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മെയില്‍ തുടങ്ങിയ സംഘര്‍ഷം വലിയ രക്തച്ചൊരിച്ചിലിലേക്കും നാശനഷ്ടങ്ങളിലുമാണ് കലാശിച്ചത്. നിരവധി വീടുകള്‍ കത്തിച്ചു. അക്രമം നടത്തിയത് മെയ്ത്തി വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെ സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.