ലോകകപ്പില്‍ ഇന്ത്യയുടെ കുന്തമുന കോലിയും രോഹിതും സിറാജുമല്ല

ലോകകപ്പില്‍ ഇന്ത്യയുടെ കുന്തമുന കോലിയും രോഹിതും സിറാജുമല്ല

ലോകകപ്പ് ക്രിക്കറ്റിന്റെ ആരവമുയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഓരോ ടീമിന്റെയും ശക്തിദൗര്‍ബല്യങ്ങള്‍ വിശകലനം ചെയ്യുകയാണ് ക്രിക്കറ്റ് നിരീക്ഷകര്‍. 12 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ മുത്തമിടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

ആരാകും ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിക്കുകയെന്ന ചോദ്യവും ആരാധകര്‍ ചോദിക്കുന്നു. അടുത്തിടെ നടന്ന ഏഷ്യാ കപ്പില്‍ വിജയം നേടിയതോടെ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷയും ഉച്ചസ്ഥായിയിലാണ്.

ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീം ഇന്ത്യ വിജയകിരീടം ചൂടിയത്. പാക്കിസ്ഥാനെതിരെ കോലിയും രാഹുലും സെഞ്ചുറി നേടിയപ്പോള്‍ ഫൈനലില്‍ മുഹമ്മദ് സിറാജിന്റെ തീപാറുന്ന പന്തുകളാണ് അക്ഷരാര്‍ഥത്തില്‍ ശ്രീലങ്കന്‍ പടയെ ചുരുട്ടിക്കെട്ടി ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.

സൂപ്പര്‍ ഫോറിലെ മറ്റൊരു മല്‍സരത്തില്‍ ശ്രീലങ്കയെ എറിഞ്ഞൊതുക്കിയും ഇന്ത്യ വിജയം കൈവരിച്ചു. എന്നാല്‍ കോലിയുടെയും രാഹുലിന്റെയും സെഞ്ചുറികള്‍ ചര്‍ച്ചാ വിഷയമായപ്പോള്‍ അതില്‍ മുങ്ങിപോയൊരു പോരാട്ടമുണ്ടായിരുന്നു.

ഫൈനലില്‍ സിറാജിന്റെ തീ തുപ്പുന്ന പന്തുകള്‍ തകര്‍ത്ത് തരിപ്പണമാക്കിയ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കപ്പില്‍ മുത്തമിട്ടപ്പോള്‍ ആരും അധികം ശ്രദ്ധിക്കാതെ പോയ ചില പ്രകടനങ്ങളിലൂടെ പ്ലെയര്‍ ഓഫ് ദ സീരിസ് പുരസ്‌കാരം തേടിയെത്തിയത് കുല്‍ദീപ് യാദവ് ആയിരുന്നു.

പാകിസ്ഥാനെതിരെ അഞ്ചു വിക്കറ്റ് നേടിയ കുല്‍ദീപ് അടുത്ത കളിയില്‍ ശ്രീലങ്കയ്‌ക്കെതിരെ നാലു വിക്കറ്റ് നേടി. പാകിസ്ഥാനെയും ശ്രീലങ്കയെയും ഒതുക്കിയത് കുല്‍ദീപ് ആയിരുന്നു. കുല്‍ദീപിന്റെ ഈ ഫോം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

കുറച്ചുകാലം മുന്‍പു വരെ ദേശീയ ടീമിലോ തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലോ പോലും ആവശ്യത്തിന് അവസരങ്ങള്‍ ലഭിക്കാതിരിക്കുന്ന സ്ഥിതിയായിരുന്നു കുല്‍ദീപിന്. എന്നാല്‍ ഡല്‍ഹിയിലെത്തിയതിനു ശേഷം കുല്‍ദീപ് തനിക്കു ലഭിച്ച ഓരോ അവസരവും മുതലെടുത്ത് ഇന്ന് ടീമിന്റെ ബൗളിംഗിലെ കുന്തമുനയായി മാറിയിരിക്കുന്നു.

എന്തായാലും ഓസ്‌ട്രേലിയയ്ക്ക് എതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ കുല്‍ദീപിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. മൂന്നാം മല്‍സരത്തില്‍ കുല്‍ദീപ് ടീമിനൊപ്പം ചേരും. ലോകകപ്പിനു മുമ്പുള്ള അവസാന ഏകദിന പരമ്പരയാണ് ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.