ന്യൂഡല്‍ഹി: ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ച് കാനഡക്കെതിരെയുള്ള നീക്കം ശക്തമാക്കാന്‍ ഇന്ത്യ. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാന്‍ നയതന്ത്ര നീക്കങ്ങളും സജീവമാണ്.
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ കാനഡയില്‍ കഴിയുന്നവരടക്കം ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വേഗത്തിലാക്കി. വിവിധ കേസുകളില്‍ പ്രതികളായ കാനഡ ബന്ധമുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തു വിട്ടു.
ഭീകരവാദ ബന്ധവും ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇവരുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളില്‍ പ്രതികളായ അഞ്ച് ഖാലിസ്ഥാന്‍ ഭീകരരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പത്തു ലക്ഷം രൂപയാണ് ബബര്‍ കല്‍സ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുക.
അതേസമയം ജസ്റ്റിന്‍ ട്രൂഡോയുടെ നിലപാട് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് ഉന്നത വൃത്തങ്ങളുടെ വിലയിരുത്തല്‍. ജസ്റ്റിന്‍ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് കാണുന്നത്.
ഇരുപത് ലക്ഷത്തോളം ഇന്ത്യന്‍ വംശജര്‍ കാനഡയിലുണ്ട്. മലയാളികള്‍ അടക്കം 75,000 പേര്‍ എല്ലാ വര്‍ഷവും കാനഡയിലേക്ക് കുടിയേറുന്നുണ്ട്. കാനഡയില്‍ പഠനത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്.
ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ എത്തിയത് മുതല്‍ ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ തുടങ്ങിയിരുന്നു. ന്യൂനപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സഹായത്തോടെയാണ് ഭരണത്തില്‍ തുടരുന്നത്.
ജഗ്മീത് സിങിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ജി 20 ഉച്ചകോടിക്കെത്തിയ ജസ്റ്റിന്‍ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോഡി നേരിട്ട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
അതിനിടെ ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തിന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെളിവ് നല്‍കണമെന്ന് കാനഡയിലെ പ്രതിപക്ഷ നേതാവ് പിയര്‍ പോളിയെവ്റ ആവശ്യപ്പെട്ടു.
ഇന്ത്യക്കുനേരെയുള്ള ആരോപണത്തെക്കുറിച്ച് പ്രധാനമന്ത്രി വസ്തുതകളൊന്നും നില്‍കിയില്ലെന്നും പ്രസ്താവനയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ ചൈനീസ് ഇടപെടലിനെക്കുറിച്ച് വര്‍ഷങ്ങളോളം ട്രൂഡോ നിശബ്ദത പാലിച്ചതിനെയും പിയര്‍ പോളിയെവ്റ ചോദ്യം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.