തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സത്യം ഉടന്‍ പുറത്തുവരുമെന്നും മന്ത്രി വ്യക്തമാക്കി. തന്റെ പേഴ്സണല്‍ സെക്രട്ടറിയും സ്റ്റാഫും താന്‍ നിര്‍ദേശിച്ചതനുസരിച്ച് ആരോപണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊലീസ് ഇതിനോടകം ചില തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പരാതിക്കാരന്‍ പറഞ്ഞ ആ ദിവസം ബന്ധപ്പെട്ട ആള്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ പ്രത്യേക പരിപാടിയില്‍ വ്യക്തമാക്കി.
കൈകാര്യം ചെയ്യുന്ന വകുപ്പന്മേല്‍ വേണ്ടത്ര അധികാരമില്ലെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊരു പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ തന്റെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടി തന്നിട്ടുണ്ടെന്നുമായിരുന്നു വീണയുടെ മറുപടി. മന്ത്രി പേഴ്സണല്‍ സ്റ്റാഫിന്റെ നിഴലിലാണെന്ന പൊതുധാരണയെക്കുറിച്ച് ചോദിച്ചപ്പോഴാകട്ടെ പ്രധാനപ്പെട്ട കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന മുന്‍വിധിയാണ് കാരണമെന്ന് വീണ തിരിച്ചടിച്ചു.
സ്ത്രീകള്‍ക്ക് പ്രധാനപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ല, അല്ലെങ്കില്‍ മറ്റാരുടെയോ നിര്‍ദേശ പ്രകാരമാണ് അവള്‍ അത് ചെയ്യുന്നത് എന്നുള്ള മുന്‍വിധി കൊണ്ടാണത്. എല്ലാ മേഖലകളിലെയും ഭൂരിഭാഗം സ്ത്രീകള്‍ക്കും ഇത് അനുഭവിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ധാരണയുടെ ഭാഗമാണിത്. രാഷ്ട്രീയത്തിലും മാധ്യമ സ്ഥാപനങ്ങളിലുമെല്ലാം സ്ത്രീകള്‍ ഇത് അഭിമുഖീകരിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞിട്ടുണ്ട് അവര്‍ക്ക് രാഷ്ട്രീയവും മറ്റ് പ്രധാന ബീറ്റുകളും കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കാറില്ലെന്ന്. അത്തരമൊരു ധാരണയുടെ അടിസ്ഥാനം എന്താണെന്നും വീണ ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.