'ഹമാസിന്റെ ലക്ഷ്യം ആഗോള ഇസ്ലാമിക രാഷ്ട്രം, വേരോടെ പിഴുതെറിയണം': ഹമാസ് സ്ഥാപകന്റെ മകന്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായി; വെളിപ്പെടുത്തല്‍ അമ്പരപ്പിക്കുന്നത്

'ഹമാസിന്റെ ലക്ഷ്യം ആഗോള ഇസ്ലാമിക രാഷ്ട്രം, വേരോടെ പിഴുതെറിയണം': ഹമാസ് സ്ഥാപകന്റെ മകന്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായി; വെളിപ്പെടുത്തല്‍ അമ്പരപ്പിക്കുന്നത്

'ഈ വലിയ പാമ്പിന്റെ തല ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലോ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലോ ആയാലും അവിടെയെത്തി ആ തല വെട്ടി എറിയണം. വാല്‍ പിന്നാലെ ചത്തു കൊള്ളും. അങ്ങനെ മാത്രമേ ഈ പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയാന്‍ കഴിയു'- ഹമാസ് സ്ഥാപകന്റെ മകന്‍ മൊസാബ്.

ന്യൂയോര്‍ക്ക്: ഹമാസ് സ്ഥാപകനായ ഷെയ്ക്ക് ഹസന്‍ യൂസഫിന്റെ മകനാണ് മൊസാബ് ഹസന്‍ യൂസഫ്. ഒരുകാലത്ത് പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസില്‍ പ്രവര്‍ത്തിക്കുകയും അതിനുശേഷം അതില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് ഇസ്രയേലിന്റെ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റില്‍ അംഗമാവുകയും ചെയ്ത മൊസാബ് പിന്നീട് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തു മതം സ്വീകരിച്ചിരുന്നു.

ഇസ്രയേല്‍ സേനയില്‍ ചേര്‍ന്ന ശേഷം മൊസാബ് ഹമാസിനെക്കുറിച്ച് പറയുന്ന അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജൂതന്മാരെ അപ്പാടെ നശിപ്പിച്ച് ലോകം മുഴുവന്‍ ശരീയത്ത് നിയമം സ്ഥാപിക്കുകയാണ് തന്റെ പിതാവിന്റെയും സംഘത്തിന്റെയും ലക്ഷ്യമെന്നാണ് മൊസാബ് പറയുന്നത്. ഇസ്രയേല്‍ സേന കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 60 ഹമാസ് നേതാക്കള്‍ക്കൊപ്പം മൊസാബിന്റെ പിതാവും അറസ്റ്റിലായിരുന്നു.

ഇസ്രയേലിന്റെ ഷിന്‍ ബെറ്റിനു വേണ്ടി മൊസാബ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. 1997 മുതല്‍ 2007 വരെ ഇസ്രയേല്‍ ചാരനായി ജോലി ചെയ്തു. ചാവേര്‍ ബോംബ് ആക്രമണങ്ങളും തീവ്രവാദ ആക്രമണങ്ങളും തടയാന്‍ ഇസ്രയേലിനെ സഹായിക്കുക എന്നുള്ളതായിരുന്നു മൊസാബിന്റെ ദൗത്യം. അതുമായി ബന്ധപ്പെട്ട സുപ്രധാനമായ പല വിവരങ്ങളും ഇദേഹം ഇസ്രയേലിന് ചോര്‍ത്തി കൊടുത്തിരുന്നു.

നിലവില്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് അവിടെ താമസിക്കുകയാണ് മൊസ്ബ്. തന്റെ പിതാവും അദേഹത്തിന്റെ സംഘടനയായ ഹമാസും നടത്തിവരുന്നത് ഒരിക്കലും അവസാനിക്കാത്ത മത യുദ്ധമാണെന്ന് മൊസാബ് ചൂണ്ടിക്കാട്ടിയിരുന്നു. പാലസ്തീന്‍ കയ്യടക്കുക എന്നുള്ളത് മാത്രമല്ല ഹമാസിന്റെ ലക്ഷ്യമെന്നും മറ്റ് പല ഉദ്ദേശങ്ങളും ഹമാസിനുണ്ടെന്നും സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി.

ഹമാസ് ഒരു മത പ്രസ്ഥാനമാണ്. എന്നാല്‍ അങ്ങനെ വിശേഷിപ്പിക്കാന്‍ മറ്റുള്ളവര്‍ക്ക് ഭയമാണ്. ഹമാസ് ഒരു രാഷ്ട്രീയ പ്രസ്ഥാനം ആയിരുന്നെങ്കില്‍ പാലസ്തീന്‍ വിഷയത്തില്‍ ഇതിനു മുന്‍പ് തന്നെ സമവായമുണ്ടാകുമായിരുന്നു. എന്നാല്‍ രാഷ്ട്രീയ അതിരുകളില്‍ വിശ്വസിക്കാത്ത ഒരു മത പ്രസ്ഥാനമാണ് ഹമാസ്. ഇസ്രയേലിനെ തകര്‍ത്ത് ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്ന് മൊസാബ് വ്യക്തമാക്കി.



ഹമാസിന്റെ ലക്ഷ്യം ആഗോള ഇസ്ലാമിക രാഷ്ട്രവും പണവും

ഇസ്രയേലിനെയും ജൂത ജനതയെയും നശിപ്പിക്കുകയാണ് ഹമാസിന്റെ പ്രാഥമിക ലക്ഷ്യമെന്നും മൊസാബ് വ്യക്തമാക്കുന്നു. ഇസ്രയേലിനെ തകര്‍ത്ത് പകരം ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണം. എന്നാല്‍ അതു മാത്രമല്ല ഹമാസിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്നും മൊസാബ് ചൂണ്ടിക്കാട്ടുന്നു. അവരുടെ ലക്ഷ്യം ലോകം പിടിച്ചടക്കുക എന്നുള്ളതാണ്.

ആഗോള ഇസ്ലാമിക രാഷ്ട്രം എന്ന സ്വപ്നം മനസിലിട്ടാണ് ഓരോ ഹമാസ് പ്രവര്‍ത്തകനും ജീവിക്കുന്നത്. ഹമാസിന് സാമ്പത്തിക സഹായം ആവശ്യമുള്ളപ്പോഴെല്ലാം അവര്‍ ഇസ്രയേലുമായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നവെന്നും മൊസാബ് വെളിപ്പെടുത്തി.

ഈ യുദ്ധം ആരംഭിച്ചത് ഇസ്രയേല്‍ അല്ലെന്നും ഹമാസ് ആണെന്നും ഹമാസ് സ്ഥാപകന്റെ മകന്‍ പറയുന്നു. പണത്തിനുവേണ്ടി രക്തം ചിന്തുന്നവരാണ് അവര്‍. കുറച്ചു വര്‍ഷങ്ങള്‍ അവര്‍ വെറുതെയിരിക്കും. അതുകഴിഞ്ഞ് യുദ്ധത്തില്‍ ഏര്‍പ്പെടും. അവര്‍ക്ക് പണം ആവശ്യമുള്ളപ്പോഴെല്ലാം അവര്‍ കുട്ടികളുടെ രക്തം ചിന്തും. ഈ രീതി അവസാനിപ്പിച്ചേ മതിയാകൂ എന്നും മൊസാബ് പറഞ്ഞു.

ഹമാസിന്റെ പ്രവര്‍ത്തന മേഖലകളില്‍ വലിയ കെണികള്‍ ഒളിഞ്ഞിരിപ്പുണ്ട്. അത്തരത്തില്‍ കെണികള്‍ സ്ഥാപിച്ചിട്ടുള്ള ഗാസയിലേക്ക് പോകേണ്ടിവന്ന ഇസ്രായേലിനോട് തനിക്ക് സഹതാപമുണ്ട്. ഹമാസിനെ ഇല്ലായ്മ ചെയ്യാന്‍ എത്ര ഇസ്രയേല്‍ സൈനികര്‍ മരിക്കേണ്ടി വരുമെന്ന് തനിക്കറിയില്ലെന്നും മൊസാബ് വ്യക്തമാക്കി.

സി.എന്‍എന്നിനു മാത്രമല്ല ഫോക്‌സ് ന്യൂസിനും മൊസാബ് ഹസന്‍ യൂസഫ് അഭിമുഖം നല്‍കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരെക്കാള്‍ അപകടകാരിയാണ് ഹമാസ് എന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറയുന്നു. ഇസ്രയേല്‍- പാലസ്തീന്‍ മേഖലയില്‍ ഹമാസ് ഉണ്ടാക്കിയ വിഭജനവും ആഗോള തലത്തില്‍ അവരുണ്ടാക്കിയ ആശയക്കുഴപ്പവും ശ്രദ്ധിച്ചാല്‍ അവര്‍ പ്രകൃതം കൊണ്ടും ക്രൂരത കൊണ്ടും സമാനതകള്‍ ഇല്ലാത്തവരാണെന്ന് മനസിലാകും.

'ഹമാസ് ഒരു മത പ്രസ്ഥാനമാണ്. അവര്‍ ഇസ്രയേലിന് എതിരെ തിരിയുമ്പോള്‍ തീവ്ര മത പ്രസ്ഥാനമായി മാറുന്നു. എന്നാല്‍ മുഖ്യധാര മാധ്യമങ്ങള്‍ അത് തുറന്നു പറയുന്നില്ല. ഒരു രാജ്യത്തെയും ജനതയെയും ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഹമാസ്. ആ രാജ്യം ഇസ്രയേലാണ്. ആ ജനത ജൂതന്മാരും' - മൊസാബ് അഭിമുഖത്തില്‍ വ്യക്തമാക്കി.

ഹമാസിനെ തുറന്നു കാട്ടണം. അവര്‍ക്ക് ഒരു ദേശീയ പ്രസ്ഥാനത്തിന്റെ പദവി ഒരിക്കലും നല്‍കാനാകില്ല. അവര്‍ നടത്തുന്നത് മത പ്രസ്ഥാനമാണ്. രാഷ്ട്രീയ അതിര്‍ വരമ്പുകളില്‍ വിശ്വസിക്കാത്തവരാണ് ഹമാസ്. ഒരു വംശത്തോടും ഒരു രാജ്യത്തോടം കടുത്ത വെറുപ്പാണ് അവര്‍ ഉയര്‍ത്തുന്നതെന്നും മുസാബ് പറഞ്ഞു.

ഹമാസിനെ വേരോടെ പിഴുതെറിയണമെന്നും അതിന്റെ നേതൃത്വത്തെ ഇല്ലായ്മ ചെയ്യാനും അദേഹം ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഈ വലിയ പാമ്പിന്റെ തല ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലോ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലോ ആയാലും അവിടെയെത്തി ആ തല വെട്ടി എറിയണം. വാല്‍ പിന്നാലെ ചത്തു കൊള്ളും. അങ്ങനെ മാത്രമേ ഈ പ്രസ്ഥാനത്തെ പേരോടെ പിഴുതെറിയാന്‍ കഴിയുകയുള്ളൂ എന്നും മൊസാബ് ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.