'അമ്മയുടെയും മകളുടെയും പുസ്തക പ്രകാശനം ഒരേ വേദിയില്‍'; അപൂര്‍വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍

'അമ്മയുടെയും മകളുടെയും പുസ്തക പ്രകാശനം ഒരേ വേദിയില്‍'; അപൂര്‍വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍

ഷാര്‍ജ: പ്രവാസി എഴുത്തുകാരി മഞ്ജു ശ്രീകുമാറിന്റെ 'ബാല്‍ക്കണിക്കാഴ്ചകള്‍' എന്ന ചെറുകഥാ സമാഹാരവും വളര്‍ന്നു വരുന്ന കഥാകാരിയും മകളുമായ ശിവാംഗി ശ്രീകുമാറിന്റെ 'ദി റെഡ് വിച്ച്' എന്ന ഇംഗ്ലീഷ് ഫാന്റസി നോവലും ഓരേ സമയം പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍വച്ച് നവംബര്‍ ആറിനായിരുന്നു ഈ അപൂര്‍വ പ്രകാശനം നടന്നത്. സുസമസ്യ പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍.

ഒരാളുടെ പ്രവൃത്തി നല്ലതോ മോശമോ എന്ന് നിര്‍ണയിക്കുന്നത് അവരുടെ പ്രവൃത്തികളല്ലെന്ന് ശിവാംഗി ശ്രീകുമാര്‍ പറയുന്നു. സമൂഹം ചിലതരം ആളുകളെ മോശക്കാരായി കണക്കാക്കുന്നത് അവര്‍ അവരുടെ നിലവാരത്തിന് യോജിച്ചതല്ലാത്തതുകൊണ്ടാണെന്ന് പതിനേഴു വയസുകാരിയായ എഴുത്തുകാരി തന്റെ നോവലില്‍ പറയുന്നു. 'ദി റെഡ് വിച്ച്' എന്ന നോവലില്‍ എഴുത്തുകാരി പറയാന്‍ ശ്രമിക്കുന്നതും അത് തന്നെയാണ്.


നല്ലതോ ചീത്തയോ എന്ന ചിന്തയില്ലാതെ രഹസ്യമായി മന്ത്രവാദം പഠിക്കുന്ന കഥാപാത്രം. അര്‍ദാന്‍ എന്ന രാജകുമാരാന്‍. ഒന്നാമനായി ജനിക്കാത്തതുകൊണ്ട് അവന് ഒരു ഭരണാധികാരവും നല്‍കിയിരുന്നില്ല. അത് അവനെ എപ്പോഴും വേദനിപ്പിച്ചിരുന്നു. ചുവന്ന മന്ത്രവാദിനിയുടെ ശക്തിയും അവള്‍ ആളുകളുടെ ഭയം ആളിക്കത്തിക്കുന്നതും അവന്‍ അറിയുകയും അവളെ കണ്ടെത്താന്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു. അവസാനം രാജകുമാരന് എന്ത് സംഭവിക്കുന്നു...അവനെ കാത്തിരുന്ന വിധി എന്താണ്? ഇത്തരം കഥാ സന്ദര്‍ഭങ്ങളിലൂടെയാണ് നോവല്‍ പോകുന്നത്.

അതേസമയം തന്റെ കൊച്ചു ഫ്‌ളാറ്റിന്റെ ചെറിയ ബാല്‍ക്കണിയിലൂടെ കഥാകാരി കണ്ട വെയിലും മഴയും ആകാശവും തൊട്ടു മുന്‍പിലെ കെട്ടിടത്തിലെ ബാല്‍ക്കണികളിലെ ജീവിതങ്ങളുമാണ് ബാല്‍ക്കണിക്കാഴ്ചകളില്‍ കാണാന്‍ കഴിയുന്നത്. തന്റെ ഇരുപത്തിയഞ്ച് കൊല്ലത്തെ പ്രവാസ ജീവിതത്തിനിടയില്‍ കണ്ട കാഴ്ചകളും കേട്ട അനുഭവങ്ങളും എല്ലാം കോര്‍ത്തിണക്കി പത്ത് കഥകള്‍ ആക്കിയാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ കഥാകാരിയുടെ പത്തു ബാല്‍ക്കണിക്കാഴ്ചകളാണ് പുസ്തകം.


ഇരുപത്തിയൊന്ന് വാരിയെല്ലുകള്‍, ലാല്‍ബാഗ് എക്‌സ്‌പ്രെസ്, സമസ്യാരവം, ഗഡീസ്, ഡാര്‍ക്ക് റൂട്ട്‌സ്, കഥ പറയുന്ന ഗ്രാമങ്ങള്‍ എന്നി പുസ്തകങ്ങളുടെ ഭാഗമായിരുന്നു എഴുത്തുകാരി. ഇരുപത്തിയൊന്ന് വാരിയെല്ലുകള്‍, ഡാര്‍ക്ക് റൂട്ട്‌സ്, അക്കാഫ് ഇവന്റസ് 2023 എന്നി പുസ്തകങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമായിരുന്നു മഞ്ജു ശ്രീകുമാര്‍.


ഒന്‍പത് വര്‍ഷത്തോളം ദുബായിലും ഷാര്‍ജയിലുമായി വിവിധ അന്താരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്തു. ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ എഴുത്തിനും ഡെസേര്‍ട് ഡ്രൈവിനും വ്‌ളോഗിങിനും ഒപ്പം സാമൂഹ്യ പ്രവര്‍ത്തന കൂട്ടായ്മകളിലും സജീവമാണ്. തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലുര്‍ സ്വദേശിനിയാണ് മഞ്ജു ശ്രീകുമാര്‍. 1998 മുതല്‍ കുടുംബത്തോടൊപ്പം ദുബായില്‍ താമസം.

ഭര്‍ത്താവ് ശ്രീകുമാര്‍. മക്കള്‍ സാരംഗ്, സൗരവ്, ശിവാംഗി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.