ഡല്‍ഹിയില്‍ 10 കുടുംബ കോടതികള്‍ക്ക് കൂടി അംഗീകാരം; തീര്‍പ്പുകല്‍പ്പിക്കാനുള്ളത് 46,000 കേസുകള്‍

 ഡല്‍ഹിയില്‍ 10 കുടുംബ കോടതികള്‍ക്ക് കൂടി അംഗീകാരം; തീര്‍പ്പുകല്‍പ്പിക്കാനുള്ളത് 46,000 കേസുകള്‍

ന്യൂഡല്‍ഹി: തലസ്ഥാനത്ത് 10 കുടുംബ കോടതികള്‍ കൂടി ആരംഭിക്കുന്നതിന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന അംഗീകാരം നല്‍കി. ഇതോടെ കോടതികളുടെ എണ്ണം 31 ആയി ഉയരും.

ഈ കോടതികളുടെ തലവനായി 10 ജഡ്ജിമാരുടെയും റീഡര്‍, സ്റ്റെനോ/ സീനിയര്‍ പിഎ, സ്റ്റെനോ/ പിഎ, അസിസ്റ്റന്റ് അഹ്ല്‍മദ്, നായിബ് നസീര്‍, ഓര്‍ഡര്‍ലി, സ്റ്റാഫ് കാര്‍ ഡ്രൈവര്‍ എന്നിവയുള്‍പ്പെടുന്ന മറ്റ് 71 തസ്തികകള്‍ കൂടി സൃഷ്ടിക്കണം.

10 വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന കേസുകള്‍ കണക്കിലെടുത്ത് കുറഞ്ഞത് 10 കുടുംബ കോടതികള്‍ കൂടി ആവശ്യമാണെന്ന 2019 ലെ ശുപാര്‍ശയെ തുടര്‍ന്നാണ് അംഗീകാരം.

ഡല്‍ഹിയിലെ കുടുംബ കോടതികളില്‍ 46,000 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഏറ്റവും കുറവ് കേസുകള്‍ സാകേത് കുടുംബ കോടതി (1321)യിലാണ്. ഏറ്റവും കൂടുതല്‍ (3654) രോഹിണിയിലെ കുടുംബ കോടതിയിലുമാണ്. കണക്കനുസരിച്ച് കുടുംബ കോടതികളില്‍ പ്രതിദിനം ശരാശരി 150-200 പേര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.

എന്നാല്‍ ഡല്‍ഹി ജയില്‍ വകുപ്പില്‍ ഐ.ടി സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 10 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് എല്‍ജി സക്സേന അംഗീകാരം നല്‍കിയിരുന്നു. ഈ 10 അധിക തസ്തികകളില്‍ സീനിയര്‍ സിസ്റ്റം അനലിസ്റ്റ് (ഒന്ന്), സിസ്റ്റം അനലിസ്റ്റ് (ഒന്ന്), ഡാറ്റാ പ്രോസസിങ് അസിസ്റ്റന്റുമാര്‍ (എട്ട് ) തസ്തികകളും ഉള്‍പ്പെടും.

10 തസ്തികകള്‍ക്കായി പ്രതിവര്‍ഷം 1.02 കോടി രൂപയോളം വേണ്ടി വരുമെന്നാണ് സൂചന. ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിനോട് ഐ.ടി വകുപ്പും ഭരണപരിഷ്‌കാര വകുപ്പും ധനകാര്യ വകുപ്പും യോജിച്ചതായും ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.