കുസാറ്റ് ദുരന്തം: അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്; മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

കുസാറ്റ് ദുരന്തം: അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്; മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

കൊച്ചി: കുസാറ്റ് അപകടത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ കളമശേരി പൊലീസും കേസെടുത്തു. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ അടക്കം മൊഴികള്‍ ഇന്ന് രേഖപ്പെടുത്തും.

അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് രാവിലെയോടെ ആരംഭിച്ചു. ഒരേസമയം കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോര്‍ട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുന്‍പായി മൃതദേഹങ്ങള്‍ വിട്ടു നല്‍കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുസാറ്റില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.

മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ്, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, ആല്‍ബിന്‍ ജോസഫ്, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി എന്നിവരാണ് മരണപ്പെട്ടത്. മരിച്ച 23 കാരനായ ആല്‍ബിന്‍ ജോസഫ് കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ല. പാലക്കാട് മുണ്ടൂര്‍ എഴക്കാട് സ്വദേശിയായ ആല്‍ബിന്‍ ഇന്നലെ രാവിലെയാണ് കൂട്ടുകാരന്റെ ക്ഷണപ്രകാരം എറണാകുളത്ത് എത്തിയത്.

സംഭവത്തില്‍ വിസിയോടും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു റിപ്പോര്‍ട്ട് തേടി. കുട്ടികളുടെ ചികിത്സാ ചെലവ് സര്‍വകലാശാല വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.

അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 38 ഓളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും ഒരേ പരിക്കാണ്. കരള്‍, മസ്തിഷ്‌കം, ശ്വാസകോശം എന്നിവയ്ക്കാണ് കൂടുതലും പരിക്കേറ്റിരിക്കുന്നത്. അതിനിടെ, പത്തടിപ്പാലം കിന്‍ഡര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 18 പേരില്‍ 16 പേര്‍ ആശുപത്രി വിട്ടു. രണ്ട് പേര്‍ മാത്രമാണ് ഇവിടെ ചികിത്സയിലുള്ളത്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം. കൃത്യമായ ഇടവേളകളില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യനില വിലയിരുത്തും. ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴോടെയാണ് കുസാറ്റില്‍ അപകടം സംഭവിക്കുന്നത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു. 64 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. 46 പേരെ കളമശേരി മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേരെ കിന്‍ഡര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കളമശേരി മെഡിക്കല്‍ കോളജിലും, കിന്‍ഡര്‍ ആശുപത്രിയിലും, ആസ്റ്റര്‍ മെഡിസിറ്റിലിയിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.