വത്തിക്കാൻ സിറ്റി: ക്രിസ്തുമസ് നാളുകളിൽ പൂർണ്ണ ദണ്ഡവിമോചനം നേടാനുള്ള അവസരം ഒരുക്കി ഫ്രാൻസിസ് മാർപ്പാപ്പ.
അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ എട്ട് മുതൽ 2024 ഫെബ്രുവരി രണ്ടാം തീയതി വരെ ഏതെങ്കിലും ഫ്രാൻസിസ്കൻ ദൈവാലയത്തിലെ തിരുപ്പിറവി ദൃശ്യത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചാൽ പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും.
വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി ആദ്യത്തെ പുൽക്കൂട് ഇറ്റലിയിലെ ഗ്രേസിയോയിൽ നിർമ്മിച്ചതിന്റെ എണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി ‘കോൺഫറൻസ് ഓഫ് ദ ഫ്രാൻസിസ്കൻ ഫാമിലി’ ദണ്ഡവിമോചനം നേടാനുള്ള അവസരം നൽകണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പയോട് അഭ്യർത്ഥന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയിരിക്കുന്നത്.
ഇത് പാപ്പ അംഗീകരിക്കുകയായിരിന്നു. വിശ്വാസികൾക്ക് പുതിയ ആത്മീയ ഉണർവ് നൽകാനും കൃപയുടെ ജീവിതം സമൃദ്ധമാകാനും വേണ്ടിയാണ് ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ഫ്രാൻസിസ്കൻ സമൂഹം എഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു. ദണ്ഡവിമോചനത്തിനു വേണ്ടിയുള്ള സാധാരണ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ അത് സാധ്യമാക്കാമെന്ന് വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റെൻഷ്യറി വ്യക്തമാക്കി.
തങ്ങളുടെ വേദനകൾ ദൈവത്തിന് സമർപ്പിച്ചുകൊണ്ടോ ദണ്ഡവിമോചന നിർദേശങ്ങൾ പൂർണമായി പാലിക്കാൻ സാധിക്കാത്ത രോഗികൾ അടക്കമുള്ളവർക്ക് പൂർണ ദണ്ഡവിമോചനം നേടാൻ അവസരമുണ്ട്. ദണ്ഡവിമോചനത്തിനു വേണ്ടി തിരുസഭ ഏർപ്പെടുത്തിയ മാർഗ്ഗത്തോട് ചേർന്നു കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, മാർപാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന തുടങ്ങിയവ ചെയ്ത പ്രവർത്തിയോട് അനുബന്ധിച്ച് ചെയ്താൽ മാത്രമേ ദണ്ഡവിമോചനം പൂർണമാവുകയുള്ളൂ.
ഫ്രാൻസിസ് അസീസിയുടെ ആദ്യത്തെ പുൽക്കൂട്
വിശുദ്ധ നാടായ ബെത്ലഹേമില്‍ യേശു ജനിച്ച സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം യഥാര്‍ത്ഥ തിരുപ്പിറവിയുടെ അനുഭവം പുനര്‍നിര്‍മ്മിക്കണമെന്ന ശക്തമായ ആഗ്രഹം വിശുദ്ധനില്‍ ഉണ്ടായി. 1221 ലാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ മനസ്സില്‍ ഈ ആശയം ഉദിക്കുന്നത്. ദൈവാലയത്തിനകത്ത് വെറും രൂപങ്ങള്‍ കൊണ്ട് മാത്രം പുല്‍ക്കൂട് ഒരുക്കുവാനല്ല അദേഹം ആഗ്രഹിച്ചത്. മറിച്ച് കുന്നിന്‍ ചെരുവിലെ ചെറിയ തോട്ടത്തില്‍ മൃഗങ്ങള്‍ അടക്കം ഉള്ളവയെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള തിരുപ്പിറവി ദൃശ്യമായിരുന്നു വിശുദ്ധൻ പദ്ധതിയിട്ടത്. പുൽക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
എന്താണ് ദണ്ഡവിമോചനം?
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ''അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയിൽ നിന്നും ദൈവത്തിന്റെ തിരുമുൻപാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം''. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂർണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂർണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. വത്തിക്കാൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് പൂർണ്ണ ദണ്ഡവിമോചനമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.