ടെന്നെസിയെ പിടിച്ചുകുലുക്കി ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ടെന്നെസിയെ പിടിച്ചുകുലുക്കി ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ടെന്നെസി; ശനിയാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ ചുഴലിക്കാറ്റില്‍ ടെന്നൈസിയില്‍ വ്യാപക നാശനഷ്ടം. ഒരു കുട്ടിയടക്കം ആറു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.

ചുഴലിക്കാറ്റ് രൂക്ഷമായി ബാധിച്ച വടക്കന്‍ ടെന്നെസിയുടെ ഭാഗമായ മോണ്‍ഡ്‌ഗോമെറി കൗണ്ടിയിലെ ക്ലാര്‍ക്‌സ് വില്ലി പ്രദേശത്ത് ഒരു കുട്ടിയടക്കം മൂന്നു പേര്‍ മരിച്ചു. ഇവിടെ നിരവധി വീടുകള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നു പോയി.



ഇവിടെ നാശനഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പരിക്കേറ്റ പന്ത്രണ്ടോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുതി ബന്ധം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞ് വീണ് നിരവധി കാറുകള്‍ തകര്‍ന്നു. മരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞുവീണ് വാഹന ഗതാഗതം പലയിടത്തും തടസപ്പെട്ടു.



ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അവരുടെ ദുഖത്തില്‍ ക്ലാര്‍ക്‌സ് വില്ലി നഗരം മുഴുവനും പങ്കുചേരുന്നുവെന്നും മേയര്‍ ജോ പീറ്റ്‌സ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് മേയര്‍ ഉത്തരവിട്ടു.

ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്ന് ടെന്നെസി ഗവര്‍ണര്‍ ബില്‍ ലീ പറഞ്ഞു. അപകടത്തിന്റെ തീവ്രത കൂടാതിരിക്കുന്നതിന് എല്ലാവരുടെയും സഹായം അഭ്യര്‍ഥിച്ച ഗവര്‍ണര്‍ എല്ലാവരോടും പ്രാദേശിക സര്‍ക്കാരിന്റെയും അധികാരികളുടെയും വാക്കുകള്‍ ശ്രവിക്കണമെന്നും നിര്‍ദേശിച്ചു.



ഏകദേശം അമ്പതു മൈല്‍ അകലെയുള്ള മാഡിസണ്‍ പ്രദേശത്തും മൂന്നു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ഇവിടെയും തുടരുകയാണ്. നാശനഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടവരുണ്ടോ എന്നും പരിശോധിച്ചു വരുന്നു.

പ്രധാനമായും മാണ്ട്‌ഗോമെറിയിലും ഗിബ്‌സണിലുമായി രണ്ട് ചുഴലിക്കാറ്റാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായത്. ഇതിനു പിന്നാലെ അഞ്ചോളം ചെറു ചുഴലിക്കാറ്റുകളും മറ്റ് പല സ്ഥലത്തുമുണ്ടായി. കാറ്റിന് തുടര്‍ച്ചയായുണ്ടായ കനത്ത മഴ മൂലം പ്രദേശത്തെ കാലാവസ്ഥ മോശമായി തുടരുന്നു.

വീടിനു പുറത്തിറങ്ങരുതെന്നും എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ റെഡ് ക്രോസുമായി ബന്ധപ്പെടാനുമാണ് നിര്‍ദേശം. ഗലാറ്റന്‍, ഹെന്‍ഡേഴ്‌സണ്‍വിലി എന്നിവടങ്ങളിലും കാറ്റ് കനത്ത നാശം വിതച്ചു. വരുന്ന ദിവസങ്ങളിലും കൂടുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. റോഡുകളില്‍ ആളുകള്‍ ഇറങ്ങുന്നതില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും നിര്‍ദേശമുണ്ട്.


മണിക്കൂറില്‍ 40 മുതല്‍ 50 മൈല്‍ വരെ വേഗതയില്‍ കാറ്റു വീശുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി പ്രദേശങ്ങളില്‍ കാറ്റ് 60 മൈല്‍ വേഗം കൈവരിക്കും. ഈ മുന്നറിയിപ്പ് അനുസരിച്ച് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മേയര്‍ നിര്‍ദേശം നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.