മനാഗ്വ: നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിൽ കത്തോലിക്ക സഭയ്ക്കു നേരെയുള്ള അതികഠിനമായ പീഡനം തുടരുന്നു. 2022 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ബിഷപ്പ് റൊളാൻഡോ അൽവാരെസിന് പിന്നാലെ സിയുനയിലെ ബിഷപ്പ് ഇസിഡോറോ ഡെൽ കാർമെൻ മോറ ഒർട്ടേഗയെയും അറസ്റ്റ് ചെയ്തു. ബിഷപ്പ് റൊളാൻഡോ അൽവാരെസിന് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഡിസംബർ 20 ന് നിക്കരാഗ്വൻ പൊലീസ് ബിഷപ്പ് ഇസിഡോറോ ഡെൽ കാർമെൻ മോറ ഒർട്ടേഗയെ അറസ്റ്റ് ചെയ്തത്.
2022 ഓഗസ്റ്റിൽ വീട്ടുതടങ്കലിലാക്കുകയും അന്യായമായി 26 വർഷവും നാല് മാസവും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ബിഷപ്പ് റൊളാൻഡോ അൽവാരെസിന് വേണ്ടി പ്രാർത്ഥിക്കാൻ ബിഷപ്പ് മാതഗൽപയിൽ കുർബാന അർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് 63 കാരനായ മോറയുടെ അറസ്റ്റ്. ഭരണകൂടത്തിന്റെ രാഷ്ട്രീയ തടവുകാരെ സാധാരണയായി അയയ്ക്കുന്ന ലാ മോഡെലോ എന്നറിയപ്പെടുന്ന ജയിലിൽ തടവിലാണ് അൽവാരിസ്.
ബിഷപ്പ് റൊളാൻഡോ അൽവാരെസ്
ലാ പ്രെൻസ, എൽ കോൺഫിഡൻഷ്യൽ, മൊസൈക്കോ സിഎസ്ഐ തുടങ്ങിയ വിവിധ സ്വതന്ത്ര പ്രാദേശിക മാധ്യമങ്ങളാണ് മോറയുടെ അറസ്റ്റിന്റെ വാർത്ത പുറത്തു വിട്ടത്. 230 വിശ്വാസികൾക്ക് കൂദാശ നൽകുന്നതിനായി ചെറിയ പട്ടണമായ ലാ ക്രൂസ് ഡെൽ റിയോ ഗ്രാൻഡെയിൽ സ്ഥിതി ചെയ്യുന്ന ഹോളി ക്രോസ് ഇടവകയിലേക്ക് പോകുന്നതിനിടെയാണ് ബിഷപ്പിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് മൊസൈക്കോ സിഎസ്ഐ റിപ്പോർട്ട് ചെയ്തു. മതാഗൽപയിലേക്കാണോ അതോ മനാഗ്വയിലേക്കാണോ ബിഷപ്പിനെ കൊണ്ടുപോയത് എന്നതിൽ വ്യക്തയില്ല.
ജനങ്ങളുടെ മെത്രാനായ ബിഷപ്പ് അൽവാരസിനായി ഒരു സന്ദേശം അയച്ചതിനും പ്രാർത്ഥിച്ചതിനുമാണ് മോറയെ തടങ്കലിലാക്കിയതെന്ന് ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റിന്റെ (OAS) മുൻ നിക്കരാഗ്വൻ അംബാസഡറായ അർതുറോ മക്ഫീൽഡ് യെസ്കാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അറസ്റ്റിലാകുന്നതിന്റെ തലേദിവസം മാതഗൽപ രൂപതയുടെ 99-ാം വാർഷികത്തോടനുബന്ധിച്ച് മോറ ഒരു കുർബാന നടത്തി. കുർബാനക്കിടെ നിക്കരാഗ്വൻ ബിഷപ്പ്സ് കോൺഫറൻസ് അൽവാരസിന് നൽകുന്ന പിന്തുണയും പ്രാർത്ഥനയും ഊന്നിപ്പറഞ്ഞിരുന്നു. മാതഗൽപയിൽ ജനിച്ച മോറോ 2003 സെപറ്റംബർ 20നാണ് വൈദികനായത്. 2021 ഏപ്രിൽ എട്ടിന് സിയൂനയിലെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നതിന് മുമ്പ് മാതഗൽപ്പ രൂപതയുടെ വികാരി ജനറലായിരുന്നു.
2007 മുതൽ നിക്കരാഗ്വയിൽ അധികാരത്തിലിരിക്കുന്ന ഡാനിയൽ ഒർട്ടേഗ, കത്തോലിക്കാ സ്ഥാപനങ്ങൾക്കും വിവിധ വൈദികർക്കുമെതിരായ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. 2018 മുതലാണ് ആക്രമണങ്ങൾ രൂക്ഷമായത്. ഭരണകൂടത്തിനെതിരായ വൻ പൗരന്മാരുടെ പ്രതിഷേധത്തെ ഏകാധിപത്യം അക്രമാസക്തമായി അടിച്ചമർത്തുകയും അൽവാരസിനെപ്പോലുള്ള കത്തോലിക്കാ നേതാക്കളിൽ നിന്ന് കടുത്ത വിമർശനം നേരിടുകയും ചെയ്തു.
2018 മുതൽ 2023 വരെ നിക്കരാഗ്വയിലെ 740 ദൈവാലയങ്ങൾ ആക്രമണങ്ങൾക്ക് ഇരയായി. 2023 ൽ മാത്രം 275 ആക്രമണങ്ങൾ നടത്തി, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഭയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്ന വർഷമാണിതെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു.
പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ കടുത്ത വിമർശകനായ ബിഷപ്പ് അൽവാരസിനെ രാജ്യദ്രോഹകുറ്റം ചുമത്തിയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചും 2022 ഓഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. അദേഹത്തോടൊപ്പം നാല് വൈദികരെയും സെമിനാരി വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അമേരിക്കയിലേക്ക് നാടു കടത്തിയെങ്കിലും അതിന് തയാറാകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിഷപ്പിന് 26 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. ഇതിന് പുറമേ, അൽവാരസിന്റെ പൗരത്വവും പൗരാവകാശങ്ങളും എന്നെന്നേക്കുമായി ഇല്ലാതാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.