അമിത അളവില്‍ ലഹരി ഉപയോഗം; മെല്‍ബണില്‍ സംഗീതോത്സവത്തില്‍ പങ്കെടുത്ത എട്ടു യുവാക്കള്‍ അത്യാസന്ന നിലയില്‍

അമിത അളവില്‍ ലഹരി ഉപയോഗം; മെല്‍ബണില്‍ സംഗീതോത്സവത്തില്‍ പങ്കെടുത്ത എട്ടു യുവാക്കള്‍ അത്യാസന്ന നിലയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സംഗീതോത്സവത്തില്‍ പങ്കെടുത്ത എട്ടു യുവാക്കള്‍ അമിത അളവില്‍ ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവാക്കളുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്.

ശനിയാഴ്ച രാത്രി ഫ്‌ളെമിങ്ടണ്‍ റേസ്‌കോഴ്സില്‍ നടന്ന ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. സംഗീതോത്സവത്തില്‍ പങ്കെടുത്ത യുവാക്കള്‍ അമിത അളവില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ ഉപയോഗിച്ചതായാണ് പോലീസ് അനുമാനിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടായിരുന്ന പാരാമെഡിക്കുകളാണ് ഒന്‍പതു യുവാക്കളെ മെല്‍ബണിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചത്. രോഗികളില്‍ എട്ടു പേരാണ് കോമയില്‍ കഴിയുന്നത്.

സണ്‍ഷൈന്‍ ഹോസ്പിറ്റല്‍, റോയല്‍ മെല്‍ബണ്‍ ഹോസ്പിറ്റല്‍, ദി ഓസ്റ്റിന്‍ ഹോസ്പിറ്റല്‍, ഫുട്സ്‌ക്രേ ഹോസ്പിറ്റല്‍, സെന്റ് വിന്‍സെന്റ് ഹോസ്പിറ്റല്‍ തുടങ്ങി വിവിധ ആശുപത്രികളിലാണ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്. കൗമാരപ്രായക്കാര്‍ മുതല്‍ 20 വയസു വരെയുള്ളവരാണ് വെന്റിലേറ്ററിലുള്ളത്. നഗരത്തെ ഞെട്ടിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വിക്ടോറിയ പോലീസ് പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്ത നിരവധി യുവാക്കള്‍ ലഹരി മരുന്ന് അമിതമായ അളവില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വിക്ടോറിയന്‍ ആംബുലന്‍സ് യൂണിയന്‍ സെക്രട്ടറി ഡാനി ഹില്‍ പറഞ്ഞു.

'സംഗീത പരിപാടിയിലെ സാഹചര്യം വളരെ ഭയാനകമായിരുന്നു. എംഡിഎംഎ അമിതമായി ഉപയോഗിച്ച നിരവധി ചെറുപ്പക്കാരും കുട്ടികളും അവിടെ ഉണ്ടായിരുന്നു, അവരില്‍ പലരും ഗുരുതരാവസ്ഥയിലായിരുന്നു' - അദ്ദേഹം എ.ബി.സി ന്യൂസിനോടു പറഞ്ഞു. യുവാക്കള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനും ആശുപത്രിയില്‍ എത്തിക്കാനും നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പാരാമെഡിക്കുകളെ കൊണ്ടുവരേണ്ടി വന്നു. സ്ഥിതി എത്രത്തോളം മോശമാണെന്ന് ഇത് കാണിക്കുന്നു'

മയക്കുമരുന്ന് ഉപയോഗത്തിനെതിരേ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെ ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നതെന്ന് ഡാനി ഹില്‍ പറഞ്ഞു. ഈ മരുന്നുകള്‍ ആയിരക്കണക്കിന് ബാച്ചുകളിലായാണ് നിര്‍മ്മിച്ച് വിതരണം ചെയ്തിരിക്കുന്നത്. അതിനാല്‍ നിയന്ത്രണമില്ലാതൊണ് ചെറുപ്പക്കാര്‍ ഈ ഗുളികകള്‍ കഴിച്ചത്.

പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നാണ് എം.ഡി.എംഎ. നിശാ പാര്‍ട്ടികളിലും മറ്റും തളരാതെ ദീര്‍ഘനേരം സജീവമായിരിക്കാന്‍ സഹായിക്കുന്ന ലഹരി വസ്തുവെന്ന നിലയ്ക്കാണ് എം.ഡി.എം.എ എന്ന മെത്ത് കുപ്രസിദ്ധമായത്. ലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാര്‍ത്ഥം കൂടിയാണ് ഇത്. ഉപയോഗിച്ചു തുടങ്ങിയാല്‍ മറ്റ് ലഹരി വസ്തുക്കളേക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണിവ. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കും. അതേസമയം ഉപയോഗത്തിന്റെ ആരംഭത്തില്‍ ആനന്ദം തരുമെങ്കിലും ശരീരത്തെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കും. ശരീരത്തിന്റെ താപനിലയും രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക വഴി ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയും ഇത് ഉപയോഗിക്കുന്നവരെ പിടികൂടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.