കൈവെട്ട് കേസ്: പ്രതി സവാദിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഭാര്യ പിതാവിന് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം

കൈവെട്ട് കേസ്: പ്രതി സവാദിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഭാര്യ പിതാവിന് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം

കാസര്‍കോഡ്: കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഭാര്യ പിതാവിന് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം. ബന്ധുക്കള്‍ എതിര്‍ത്തിട്ടും പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്ന് സവാദിന്റെ ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് പിതാവ് പറഞ്ഞുവെന്നും മൊഴിയില്‍ പറയുന്നു. പൊലീസിന് നല്‍കിയ മൊഴിയിലാണ് സവാദിന്റെ ഭാര്യ ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കര്‍ണാടക ഉള്ളാളിലെ ദര്‍ഗയില്‍വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്നും മുന്‍കാല കാര്യങ്ങള്‍ അറിയില്ല എന്നുമായിരുന്നു സവാദിന്റെ ഭാര്യ പിതാവ് അബ്ദുറഹ്മാന്റെ പ്രതികരണം. അബ്ദുറഹ്മാന് എസ്.ഡി.പി.ഐ ബന്ധമുണ്ടെന്ന് നേരെത്തെ വ്യക്തമായിരുന്നു. അതേസമയം സവാദ് എന്ന പേര് മാത്രമാണ് സര്‍ട്ടിഫിക്കറ്റില്‍ കണ്ടതെന്നും ഇയാളെക്കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ അറിഞ്ഞത് പിടിയിലായതിന് ശേഷമാണെന്നും ഭാര്യ പറയുന്നു.

കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലര്‍ ഫ്രണ്ട് നിരോധനമാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ അകത്തായ ചിലരില്‍ നിന്നും സവാദിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നു. കേരളത്തില്‍ സവാദ് ഫോണ്‍ ഉപയോഗിച്ചിരുന്നത് കരുതലോടെയാണെന്ന് എന്‍ഐഎ പറയുന്നു. തുടര്‍ച്ചയായി സിം കാര്‍ഡുകള്‍ മാറ്റിയാണ് ഉപയോഗിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ ഉപയോഗിച്ചും ആശയ വിനിമയം നടത്തിയിരുന്നു. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവു ജീവിതത്തിനിടയില്‍ ബന്ധപ്പെട്ടിട്ടില്ല. കൂട്ടു പ്രതികളുമായും ബന്ധമുണ്ടായില്ല.

എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം എസ്ഡിപിഐ നേതാക്കളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.