ബാഗ്ദാദ്: ഇറാഖില്‍ ക്രിസ്ത്യന്‍ ജനസംഖ്യ വലിയ തോതില്‍ പലായനം ചെയ്തിട്ടും നിസംഗത പുലര്‍ത്തുന്ന ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ച് കല്‍ദായ സഭയുടെ തലവന്‍ കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ. ഇസ്ലാമിക് സ്റ്റേറ്റിനെ ഭയന്നാണ് ക്രൈസ്തവര്‍ പലായനം ചെയ്യുന്നത്. രാഷ്ട്രീയ നേതാക്കളുടെ നിഷ്‌ക്രിയത്വവും അഴിമതിയും ചില പുരോഹിതരുടെ പിടിപ്പുകേടും മൂലമാണ് ക്രൈസ്തവ സാന്നിധ്യം കുറയുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ക്രൈസ്തവ സാന്നിധ്യം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാരിനും പുരോഹിതര്‍ക്കും ധാര്‍മികമായ ഉത്തരവാദിത്വമുണ്ടെന്നും കര്‍ദിനാള്‍ റാഫേല്‍ സാക്കോ ഓര്‍മിപ്പിച്ചു.
'ജനാധിപത്യം, സ്വാതന്ത്ര്യം, ഭരണഘടന, നിയമ സംരക്ഷണം എന്നീ വിഷയങ്ങളില്‍ ഇറാഖി സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ധാര്‍മ്മികവും ദേശീയവുമായ മൂല്യങ്ങളുടെ തകര്‍ച്ചയ്ക്കു കാരണം രാഷ്ട്രീയ നേതൃത്വത്തിന്റെ പരാജയമാണ്.
ക്രിസ്ത്യാനികള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ ഇറാഖ് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നില്ല. അവര്‍ തേന്‍ പുരട്ടിയ വാക്കുകള്‍ കൊണ്ട് അധരവ്യായാമം നടത്തുന്നു. പക്ഷേ ക്രൈസ്തവര്‍ക്ക് അനുകൂലമായ ഒരു പ്രവര്‍ത്തനവും കാണുന്നില്ല.
ഏകദേശം രണ്ടര ലക്ഷത്തോളം കല്‍ദായ കത്തോലിക്ക വിശ്വാസികളാണ് ഇറാഖിലുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്ത് താണ്ഡവമാടിയ സമയത്താണ് നിരവധി കല്‍ദായ വിശ്വാസികള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പുറം രാജ്യങ്ങളിലേക്കും പലായനം ചെയ്തു.
രാജ്യത്തിന്റെ ക്രിസ്ത്യന്‍ നേതൃത്വത്തെയും കര്‍ദിനാള്‍ സാക്കോ വിമര്‍ശിച്ചു. അവരുടെ നിലപാടുകള്‍ ബാബിലോണ്‍ ബ്രിഗേഡ്‌സ് എന്ന പ്രസ്ഥാനത്തിന് അടിയറ വച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇറാന്റെ പിന്തുണയോടെ, ഇസ്ലാമിക് സ്റ്റേറ്റിനെതിരേ പോരാടുന്ന ക്രൈസ്തവരുടെ കൂട്ടായ്മയാണ് ബാബിലോണ്‍ ബ്രിഗേഡ്‌സ്.
'ദേശീയ, ഗോത്ര തലങ്ങളിലുള്ള മതഭ്രാന്തും വിദ്വേഷവും ക്രിസ്ത്യാനികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നുവെന്ന് കര്‍ദിനാള്‍ സാക്കോ പറഞ്ഞു.
ആകെ രണ്ടര ലക്ഷം ക്രൈസ്തവര്‍ മാത്രമുള്ള ഇറാഖിലെ ക്രൈസ്തവ ജനസംഖ്യയുടെ 65 ശതമാനവും കല്‍ദായ കത്തോലിക്കരാണ്. മറ്റ് സഭകളോടു സഹകരിക്കാനും യോജിച്ചു പ്രവര്‍ത്തിക്കാനും കര്‍ദിനാള്‍ സാക്കോ ആഹ്വാനം ചെയ്തു.
ബാബിലോണ്‍ ബ്രിഗേഡ്‌സ് പാര്‍ട്ടിയുടെ നേതാവാണ് റയാന്‍ അല്‍ കില്‍ദാനി. ക്രൈസ്തവര്‍ക്ക് അവകാശപ്പെട്ട പ്രാതിനിധ്യം നല്‍കാതെ അവരുടെ പാര്‍ലമെന്റിലെ സീറ്റുകള്‍ പിടിച്ചടക്കുന്നുവെന്ന് കില്‍ദാനിക്ക് എതിരെ നേരത്തെ തന്നെ കര്‍ദിനാള്‍ സാക്കോ ആരോപണം ഉന്നയിച്ചിരുന്നു.
ബാബിലോണ്‍ ബ്രിഗേഡുകളും അതിന്റെ നേതാവായ റയാന്‍ അല്‍-കല്‍ദാനിയും തങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് കല്‍ദായ കത്തോലിക്കാ സഭ പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.
പേരുകള്‍ വ്യക്തമാക്കാതെയാണ് കര്‍ദിനാള്‍ സാക്കോ വിമര്‍ശനം ഉന്നയിച്ചത്. ഇറാഖിലെ ക്രിസ്തുമതത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ മെത്രാന്മാര്‍ ചേര്‍ന്ന് 'ക്രൈസിസ് ടാസ്‌ക് ഫോഴ്‌സ്' രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.