മഞ്ഞ് മൂടി യുഎഇ; ഇന്നും വിവിധയിടങ്ങളില്‍ ഗതാഗതകുരുക്ക്

മഞ്ഞ് മൂടി യുഎഇ; ഇന്നും വിവിധയിടങ്ങളില്‍ ഗതാഗതകുരുക്ക്

അബുദാബി: കനത്ത മൂടല്‍ മഞ്ഞ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഗതാഗതം തടസപ്പെടുത്തി. ദുബായ്, ഷാ‍ർജ റോഡുകളില്‍ വലിയ തോതിലുളള ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. അല്‍ ഇത്തിഹാദ് റോഡിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡിലും ഗതാഗത തടസ്സമുണ്ടായി. മൂടല്‍ മഞ്ഞുളള സമയങ്ങളില്‍ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നല്‍കി.


അതേസമയം മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതില്‍ അസാധാരണത്വമില്ലെന്നും സാധാരണ യുഎഇയില്‍ അനുഭവപ്പെടുന്ന തരത്തിലുളള കാലാവസ്ഥ വ്യതിയാനമാണിതെന്നും കാലാവസ്ഥ നിരീക്ഷണവകുപ്പ് വ്യക്തമാക്കി. അലൈനിലെ രക്നയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന പ്രദേശം. അതേസമയം, രാജ്യ തലസ്ഥാനമായ അബുദാബിയില്‍ വിവിധ റോഡുകളില്‍ വേഗപരിധി കുറച്ചിരുന്നു. . മുഹമ്മദ് ബിന്‍ റാഷിദ് റോഡ് (അബുദാബി -ദുബായ്), മക്തൂം ബിന്‍ റാഷിദ് റോഡ് (അല്‍ സ്മീഹ- ദുബായ്) അബുദാബി അലൈന്‍ റോഡ്, അല്‍ ഫയാ റോഡ് (ട്രക്ക് റോഡ്), അബുദാബി -സ്വീഹാന്‍ റോഡ് എന്നിവിടങ്ങളിലാണ് മണിക്കൂറില്‍ 80 കിലോ മീറ്ററായി വേഗപരിധി കുറച്ചത്.


മോശം കാലാവസ്ഥയില്‍ ഗതാഗതനിയമങ്ങള്‍ അനുസരിക്കാതെ വാഹനമോടിച്ചാല്‍ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റും കിട്ടും. ഇത്തരം പ്രവൃത്തികള്‍ വലിയ അപകടങ്ങളിലേക്ക് വഴിവയ്ക്കുമെന്നതിനാല്‍ ജാഗ്രതപുലർത്തിയാകണം ഓരോരുത്തരും വാഹനമോടിക്കേണ്ടതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.