ടി.പി വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ട് പേരെ വെറുതെ വിട്ടത് റദ്ദാക്കി: നല്ല വിധിയെന്ന് കെ.കെ രമ

ടി.പി വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ട് പേരെ വെറുതെ വിട്ടത് റദ്ദാക്കി:  നല്ല വിധിയെന്ന് കെ.കെ രമ

കൊച്ചി: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത്, ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെ.കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെ വിട്ട വിചാരണക്കോടതി വിധി ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കുകയും ചെയ്തു.

തെളിവുകളുടെ അഭാവത്തിലാണ് കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെ വിട്ടത്. ഇരുവരും ഈ മാസം ഇരുപത്തിയാറിന് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇവര്‍ക്കുള്ള ശിക്ഷ അന്ന് വിധിക്കും.

സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തനെ ശിക്ഷിച്ച നടപടിയും ഹൈക്കോടതി ശരിവച്ചു. കേസില്‍ ശിക്ഷ അനുഭവിക്കവെ 2020 ജൂണില്‍ കുഞ്ഞനന്തന്‍ മരിച്ചിരുന്നു. അതേസമയം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ വെറുതെവിട്ട നടപടി കോടതി ശരിവച്ചു.

ഏറ്റവും നല്ല വിധിയാണെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ.കെ രമ പ്രതികരിച്ചു. രണ്ട് പ്രതികളെക്കൂടി ശിക്ഷിക്കുമെന്ന കോടതി വിധി ആശ്വാസകരം. സിപിഎമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടു. പി. മോഹനനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശിക്ഷിക്കപ്പെട്ട 12 പ്രതികളാണ് തങ്ങളെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പി. മോഹനന്‍ ഉള്‍പ്പടെയുള്ളവരെ വിട്ടയച്ചതിനെതിരെ രമയും അപ്പീല്‍ നല്‍കിയിരുന്നു.

വടകരയ്ക്കടുത്ത് ഒഞ്ചിയത്തുവച്ച് 2012 മെയ് നാലിനാണ് ടി.പി കൊല്ലപ്പെട്ടത്. ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎമ്മില്‍നിന്ന് വിട്ടുപോയി ആര്‍എംപി എന്ന പാര്‍ട്ടിയുണ്ടാക്കിയതില്‍ പ്രതികള്‍ പക വീട്ടുകയായിരുന്നെന്നാണ് കേസ്.

കൊടി സുനി, കിര്‍മ്മാണി മനോജ്, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, എം.സി അനൂപ്, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, കെ.സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, പി.കെ കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്ന് വര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. 36 പ്രതികളില്‍ മോഹനന്‍ ഉള്‍പ്പടെ 24 പേരെ വെറുതെ വിട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.