ലണ്ടൻ: തെറ്റായ ആഹാരക്രമം ജീവിതത്തിന്റെ താളം തെറ്റിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പലപ്പോഴും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം ഇഷ്ടത്തോടെ കഴിക്കാറുള്ളത്. എന്നാല്‍ ഇവയുടെ ഉപഭോഗം കാന്‍സറും ഹൃദ്രോഗവും മുതല്‍ വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാക്കുകയും അകാല മരണത്തിന് വരെ കാരണമാകുമെന്ന റിപ്പോര്‍ട്ടുകളാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പുറത്ത് വിട്ടിരിക്കുന്നത്. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, സിഡ്‌നി സര്‍വകലാശാല, ഫ്രാന്‍സിലെ സോര്‍ബോണ്‍ സര്‍വകലാശാല എന്നിവടങ്ങളിലെ വിദഗ്ദരുടേതാണ് വിലയിരുത്തല്‍.
പഞ്ചസാരയടങ്ങിയ ധാന്യങ്ങള്‍, പ്രോട്ടീന്‍ ബാറുകള്‍, പാനീയങ്ങള്‍, നേരത്തെ തയ്യാറാക്കിവയ്ക്കുന്ന മീല്‍സുകള്‍, ഫാസ്റ്റ് ഫുഡ്, ബേക്ക്ഡ് ഭക്ഷണങ്ങള്‍, തുടങ്ങിയവയുടെ ഉപഭോഗം വര്‍ധിച്ച് വരുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഈ ഭക്ഷണങ്ങള്‍ നിരവധി പ്രക്രിയകളിലൂടെ കടന്നു പോകുകയും ചിലതില്‍ നിറങ്ങള്‍, എമല്‍സിഫയര്‍, മറ്റ് ഫ്‌ളേവറുകളും എന്നിവ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് മാരകമായ പ്രശ്‌നങ്ങള്‍ക്ക് വഴിവക്കുന്നു.
ലണ്ടനിലും അമേരിക്കയിലും ശരാശരി ഭക്ഷണത്തിന്റെ പകുതിയിലധികവും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളാണ്. യുവാക്കള്‍, പാവപ്പെട്ടവര്‍, പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുള്ളവരടക്കം 80 ശതമാനവും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളാണ് കഴിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇവയില്‍ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലും വിറ്റാമിനുകളും നാരുകളും കുറവുമാണ്.
ഒരു കോടി ജനങ്ങളില്‍ നടത്തിയ പഠനത്തിലൂടെ ഏകദേശം 45 മെറ്റാ വിശകലനങ്ങളുടെ അവലോകനമാണ് നടത്തിയിരിക്കുന്നത്. യുപിഎഫ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിന് ജനസംഖ്യാടിസ്ഥാനത്തിലുള്ളതും പൊതുജനാരോഗ്യപരവുമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പൊതു ജനാരോഗ്യത്തിനായി പാക്ക് ചെയ്ത രീതിയിലുള്ള ഭക്ഷണ സാധനങ്ങളും ലഘുഭക്ഷണങ്ങളും ഒന്നിലധികം വ്യാവസായിക പ്രക്രിയകള്‍ക്ക് വിധേയമായിട്ടുള്ള റെഡി - ടു - ഈറ്റ് ഭക്ഷണങ്ങളില്‍ വിവിധ കൃത്രിമ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവക്ക് ആകര്‍ഷണം ലഭിക്കുന്നതിന് ആവശ്യമായ കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും ഉള്‍പ്പടെയുളള പല തരത്തിലുള്ള അഡിറ്റീവുകളും ചേര്‍ക്കുന്നുണ്ട്. കൂടാതെ ഇത്തരം ഉൽപന്നങ്ങളില്‍ പഞ്ചസാര, കൊഴുപ്പ് തുടങ്ങിയവയുടെ ഉയര്‍ന്ന അളവിലുള്ള സാനിധ്യവും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് എന്നും ഗവേഷണത്തില്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ആരോഗ്യത്തിനുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഇത്രയും ആഴത്തിലുള്ളതുമായ സമഗ്രമായ പഠനവും വേണ്ടത്ര തെളിവുകളും അവയുടെ വിശകലനങ്ങളും കുറവായിരുന്നു. ദൈനംദിന ഭക്ഷണ ക്രമത്തില്‍ അള്‍ട്രാ - പ്രോസസ്ഡ് ഭക്ഷണ പാതാര്‍ത്ഥങ്ങളുടെ നിരന്തര സാന്നിധ്യം ഹൃദയ സംബന്ധമായ രോഗങ്ങള്‍ പിടിപെടാനുളള 50 ശതമാനം സാധ്യത ഉയര്‍ത്തുന്നുണ്ട്, ഉൽകണ്ഠ, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയവക്ക് 48 മുതല്‍ 53 ശതമാനം വരെ ഉയര്‍ന്ന അപകട സാധ്യതയും, പൊണ്ണത്തടി, ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് 40 മുതല്‍ 66 ശതമാനം വരെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹം പിടിപെടാന്‍ 12 ശതമാനം സാധ്യതയുമുണ്ടെന്നാണ് ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം പ്രൊസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗത്തിന്റെ വിലയിരുത്തലില്‍ ഉള്‍പെടുത്താത്ത ഘടകങ്ങളും അവയുടെ സ്വാധീനത്തെ തള്ളിക്കളയാനാവില്ല എന്നതുള്‍പ്പടെയുള്ള അവലോകനത്തിന്റെ പരിമിതികള്‍ ഗവേഷകര്‍ അംഗീകരിക്കുന്നുണ്ട്. സാധാരണയായി സാമ്പത്തികപരമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലാണ് ഇത്തരം ഉത്പന്നങ്ങളുടെ ഉയര്‍ന്ന വിപണനം നടക്കുന്നത്. യുഎന്‍ ഏജന്‍സികള്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണ പദാര്‍ത്ഥങ്ങളുടെ നിര്‍മാണത്തിനും വിപണനത്തിനും വേണ്ട സമഗ്രവും നിയമപരവുമായ അടിസ്ഥാനഘടന ചിട്ടപ്പെടുത്തണം എന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.