ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ ഇന്ത്യയിൽ വർധിക്കുന്നു; ക്രിസ്ത്യാനികൾക്ക് ഏറ്റവും മോശം സ്ഥലമായി മാറി ഛത്തീസ്ഗഢ്

ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ ഇന്ത്യയിൽ വർധിക്കുന്നു; ക്രിസ്ത്യാനികൾക്ക് ഏറ്റവും മോശം സ്ഥലമായി മാറി ഛത്തീസ്ഗഢ്

ന്യൂഡൽഹി: ഇന്ത്യയിലെ ക്രൈസ്തവർക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക വർധിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് ന്യൂഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. 28 സംസ്ഥാനങ്ങളിൽ 19 സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികൾ അവരുടെ വിശ്വാസം ആചരിക്കുന്നതിന്റെ പേരിൽ ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ജനുവരി ഒന്ന് മുതൽ മാർച്ച് 15 വരെ 122 ക്രിസ്ത്യാനികളെങ്കിലും മതപരിവർത്തനം നടത്തിയെന്ന തെറ്റായ ആരോപണങ്ങളിൽ തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. അതേ കാലയളവിൽ ക്രിസ്ത്യാനികൾക്കെതിരായ 161 അക്രമ സംഭവങ്ങൾ തങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യു.സി.എഫ്. അറിയിച്ചു.

മധ്യ ഇന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഢ് ക്രിസ്ത്യാനികൾക്ക് ഏറ്റവും മോശം സ്ഥലമായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വർഷം മാർച്ച് പകുതി വരെ ക്രിസ്ത്യാനികൾക്കെതിരെ 47 അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് ക്രിസ്ത്യാനികൾക്കെതിരായ 36 അക്രമ സംഭവങ്ങൾ രേഖപ്പെടുത്തി രണ്ടാം സ്ഥാനത്താണ്.

2014 ൽ നരേന്ദ്ര മോഡി അധികാരത്തിൽ വരുമ്പോൾ ക്രിസ്ത്യാനികൾക്കെതിരെ 147 അക്രമങ്ങളാണ് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2023 ൽ അത് 687 ലെത്തി. ഇത് രാജ്യത്തെ ക്രിസ്‌ത്യാനികൾക്ക് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഭൂരിപക്ഷ സമുദായങ്ങളെ പ്രീതിപ്പെടുത്തുന്നതിനുള്ള ഭരണ സമ്പ്രദായത്തിന്റെ പ്രത്യയശാസ്ത്രം ന്യൂനപക്ഷ സമുദായങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നുന്ന ഈ സാഹചര്യം സൃഷ്ടിച്ചെന്ന് യു.സി.എഫിന്റെ ദേശീയ കോ - ഓർഡിനേറ്റർ എ.സി മൈക്കൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.