ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തിന്റെ മുറിവുണങ്ങാതെ ശ്രീലങ്ക; ദേവാലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി പോലീസ്

ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തിന്റെ മുറിവുണങ്ങാതെ ശ്രീലങ്ക; ദേവാലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി പോലീസ്

കൊളംബോ: ശ്രീലങ്കയില്‍ 2019-ത്തിലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ അഞ്ചാം വാര്‍ഷിക വേളയില്‍ രാജ്യത്ത് അതീവ ജാഗ്രത. പ്രധാന നഗരങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. 2019-ല്‍ 274 പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ ഞായറാഴ്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിശുദ്ധവാരത്തില്‍ പള്ളികള്‍ക്കു ചുറ്റും സുരക്ഷ ശക്തമാക്കിയതെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ദുഃഖവെള്ളി, ഈസ്റ്റര്‍ ശുശ്രൂഷകളുള്ള പള്ളികള്‍ക്ക് ചുറ്റും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിരുന്നു. രാജ്യത്തുടനീളം 6,000 പോലീസുകാരെയും 3,000-ത്തിലധികം സൈനികരെയും 400-ലധികം എലൈറ്റ് പ്രത്യേക ടാസ്‌ക് ഫോഴ്സ് അംഗങ്ങളെയും വിന്യസിച്ചതായി പോലീസ് വക്താവ് നിഹാല്‍ തല്‍ദുവ പറഞ്ഞു.

രാജ്യത്തെ 2,268 ദേവാലയങ്ങളിലാണ് ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടക്കുന്നതെന്ന് തല്‍ദുവ കൂട്ടിച്ചേര്‍ത്തു.

2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് ലോകത്തെ നടുക്കി ശ്രീലങ്കയില്‍ ഭീകരാക്രമണമുണ്ടായത്. ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ആക്രമണത്തില്‍ 274 പേര്‍ കൊല്ലപ്പെടുകയും 542-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 11 ഇന്ത്യക്കാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

നിരപരാധികള്‍ കൊല്ലപ്പെട്ട ആക്രമണത്തെക്കുറിച്ചുള്ള പൂര്‍ണമായ സത്യം ഇതുവരെ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.

നേരത്തെ കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് ഭീകരാക്രമണം വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പറഞ്ഞിരുന്നു. ആക്രമണങ്ങള്‍ക്ക് രാഷ്ട്രീയമോ തിരഞ്ഞെടുപ്പുപരമോ ആയ ലക്ഷ്യമുണ്ടെന്നും കര്‍ദിനാള്‍ ആരോപിച്ചിരുന്നു. ഭീകരാക്രമണം സംബന്ധിച്ച് യു.എന്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.