കടുത്ത തണുപ്പില്‍ വിറച്ച് ‌സ്‌കൂള്‍ കുട്ടികളുടെ വ്യായാമം: വീഡിയോ പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ യു.പി പൊലിസിന്റെ കേസ്

കടുത്ത തണുപ്പില്‍ വിറച്ച് ‌സ്‌കൂള്‍ കുട്ടികളുടെ വ്യായാമം:    വീഡിയോ പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ യു.പി പൊലിസിന്റെ കേസ്

കാണ്‍പൂര്‍: കടുത്ത തണുപ്പ് സഹിക്കാനാകാതെ വിറച്ചുകൊണ്ട് വ്യായാമം ചെയ്യുന്ന സ്‌കൂള്‍ കുട്ടികളുടെ വീഡിയോ പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കാണ്‍പൂര്‍ പൊലിസ് കേസെടുത്തു. ബേസിക് ശിക്ഷ അധികാരി സുനില്‍ ദത്തയുടെ പരാതി പ്രകാരം മാധ്യമ പ്രവര്‍ത്തകരായ മൊഹിത്, അമിത്, യാസിന്‍ തുടങ്ങി മൂന്നു പേര്‍ക്കെതിരേയാണ് അക്ക്ബര്‍പൂര്‍ പൊലിസ് കേസെടുത്തത്.

ഐപിസി 505(പൊതു ഇടത്തില്‍ മോശമായ പ്രവര്‍ത്തി), ഐപിസി 506(ഭീഷണി) എന്നിവയാണ് പ്രധാന വകുപ്പുകള്‍. മാധ്യമപ്രവര്‍ത്തകര്‍ വസ്തുതകള്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും കുട്ടികളുടെ ചുമതലയുള്ള ബേസിക് ശിക്ഷാ അധികാരിയെ ഭീഷണിപ്പെടുത്തിയെന്നും കാന്‍പൂര്‍ പോലിസിന്റെ എഫ്ഐആറില്‍ പറയുന്നു.

ഉത്തര്‍പ്രദേശ് രൂപീകരണ ദിവസമായ ചൊവ്വാഴ്ച സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംഘടിപ്പിച്ച പരിപാടിയിലാണ് തണുത്തുവിറച്ചുകൊണ്ട് കുട്ടികള്‍ക്ക് വ്യായാമം ചെയ്യേണ്ടിവന്നത്. വീഡിയോയില്‍ കുട്ടികള്‍ക്ക് കമ്പിളി വസ്ത്രങ്ങളോ ഷര്‍ട്ടോ ഉണ്ടായിരുന്നില്ല. കുട്ടികള്‍ വിറയ്ക്കുന്നുമുണ്ടായിരുന്നു.

വ്യായാമത്തിനുവേണ്ടി വസ്ത്രമൂരിയ സമയത്താണ് വീഡിയോ പിടിച്ചതെന്നും അത് മോശം ഉദ്ദേശ്യത്തോടെയാണെന്നും പോലിസ് ആരോപിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ യോഗ അധ്യാപകരുടെ അഭിമാനത്തെ ചോദ്യം ചെയ്തെന്നാണ് മറ്റൊരു ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.