എക്‌സാലോജിക്കുമായുള്ള പണമിടപാടിലെ ദുരൂഹത: ശശിധരന്‍ കര്‍ത്തയെ വിടാതെ ഇ.ഡി; വീട്ടിലെത്തി മൊഴിയെടുക്കുന്നു

എക്‌സാലോജിക്കുമായുള്ള പണമിടപാടിലെ ദുരൂഹത: ശശിധരന്‍ കര്‍ത്തയെ വിടാതെ ഇ.ഡി; വീട്ടിലെത്തി മൊഴിയെടുക്കുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സും സിഎംആര്‍എലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കുന്നു.

കര്‍ത്തയോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. തുടര്‍ന്നാണ് അദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി മൊഴിയെടുക്കുന്നത്.

സിഎംആര്‍എലിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം. കമ്പനിയെ സംബന്ധിച്ച് പുറത്തു വരാത്ത രഹസ്യ വിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കില്‍ അതുകൂടി അറിയുക എന്ന ലക്ഷ്യവുമുണ്ട്.

സിഎംആര്‍എല്ലിലെ ഒരു വനിതയുള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസില്‍ 24 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഒരു പകലും രാത്രിയും നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് ഇവരെ വിട്ടയച്ചത്.

തിങ്കളാഴ്ച രാവിലെ 11 ന് ഹാജരായ സിഎംആര്‍എല്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ വരെ മൊഴിയെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.