ലോകത്താകെ ഇരുപതോളം പേര്‍ക്ക് മാത്രമുള്ള 'ഓട്ടോ ബ്രൂവറി സിന്‍ഡ്രോം'.
ബ്രസല്‍സ്: ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പാദിപ്പിക്കുന്ന അത്യപൂര്‍വ രോഗാവസ്ഥ പിടിപെട്ട യുവാവിന് മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതി കയറേണ്ടി വന്നു.
ശരീരം സ്വയം ആല്‍ക്കഹോള്‍ ഉല്‍പാദിപ്പിക്കുന്ന രോഗാവാസ്ഥയാണ് 'ഓട്ടോ ബ്രൂവറി സിന്‍ഡ്രോം' (എ.ബി.എസ്). ലോകത്താകെ ഇരുപതോളം പേര്‍ക്ക് മാത്രമാണ് ഈ രോഗാവസ്ഥയുള്ളതെന്നാണ് റിപ്പോര്‍ട്ട്.
മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ പിടിയിലായ ബെല്‍ജിയം ബൂഷ് സ്വദേശിയായ നാല്‍പതുകാരന് എ.ബി.എസ് ആണെന്ന് അഭിഭാഷകര്‍ക്ക് കോടതിയില്‍ തെളിയിക്കാനായതാണ് കേസില്‍ നിര്‍ണായകമായത്. മൂന്ന് ഡോക്ടര്‍മാര്‍ ഇദേഹത്തെ പരിശോധിക്കുകയും എ.ബി.എസ് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് കോടതി ഇത് അംഗീകരിച്ചതോടെയാണ് ഇയാള്‍ കേസില്‍ നിന്ന് കുറ്റവിമുക്തനായത്.
മദ്യപിച്ച് വാഹനമോടിച്ചതിന് 2022 ഏപ്രിലിലാണ് ബ്രൂവറി ജീവനക്കാരനായ നാല്‍പതുകാരനെതിരേ പൊലീസ് കേസെടുത്തത്. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 0.91 മില്ലിഗ്രാം ആയിരുന്നു റീഡിങ്. തുടര്‍ന്ന് ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ 0.71 മില്ലിഗ്രാമും റീഡിങ് കാണിച്ചു.
ബ്രത്ത് അനലൈസറില്‍ 0.22 മില്ലിഗ്രാമില്‍ കൂടുതല്‍ റീഡിങ് കാണിച്ചാല്‍ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി കേസെടുക്കാമെന്നാണ് ബെല്‍ജിയത്തിലെ നിയമം. 2019 ലും സമാനകുറ്റം ചുമത്തി ഇദേഹത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു.
മദ്യപിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അന്ന് പിഴ അടക്കേണ്ടി വന്നു. ഡ്രൈവിങ് ലൈസന്‍സും അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ഇതിനു പിന്നാലെയാണ് 2022 ലും സമാനകേസില്‍ ഇദേഹത്തെ പോലീസ് പിടികൂടിയത്.
കുടലില്‍ ചില പ്രത്യേക ഫംഗസുകള്‍ അമിതമായി വളരുകയും ഇത് കാര്‍ബോ ഹൈഡ്രേറ്റ്സിനെ ആല്‍ക്കഹോളാക്കി മാറ്റുകയും ചെയ്യുന്ന അവസ്ഥയാണ് എ.ബി.എസ്. ഇതുമൂലം രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് വര്‍ധിക്കും. മാത്രമല്ല, മദ്യപിച്ചില്ലെങ്കില്‍ പോലും മദ്യപിച്ചതിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
1952 ല്‍ ജപ്പാനിലാണ് ഇത്തരം രോഗാവസ്ഥ ആദ്യം കണ്ടെത്തിയതെങ്കിലും 1990 ലാണ് ഇതിനെ എ.ബി.എസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തത്. ഇതുവരെ ലോകത്ത് 20 പേര്‍ക്കാണ് ഇത്തരം രോഗാവസ്ഥ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ബെല്‍ജിയം സ്വദേശിയായ മറ്റൊരാളിലും ഇതേ രോഗാവസ്ഥ നേരത്തെ കണ്ടെത്തിയിരുന്നു.
ഇതിന് പുറമേ അമേരിക്കയിലെ ഫ്ളോറിഡ സ്വദേശിയായ മറ്റൊരു യുവാവിലും എ.ബി.എസ് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. മദ്യത്തിന്റെ മണമുണ്ടെന്ന് പറഞ്ഞ് കോച്ചിങ് സെന്ററില്‍ അധ്യാപകനായ ഇദേഹത്തിനെതിരേ ചിലര്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ ഇദേഹത്തെ ക്ലാസില്‍ നിന്ന് തിരികെ വിളിപ്പിക്കുന്ന സാഹചര്യമുണ്ടായി. ഒടുവില്‍ 2019 ലാണ് എ.ബി.എസ് എന്ന രോഗാവസ്ഥയാണ് ഇതിന് കാരണമെന്ന് വ്യക്തമായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.