കൊച്ചി: എന്‍ഡിഎയില്‍ ഘടകകക്ഷിയായ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് പിളര്‍ന്നു. ഭാരതീയ ജനസേന (ബിജെഎസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കെപിഎംഎസ് നേതാവ് എന്‍കെ നീലകണ്ഠന്‍ മാസ്റ്റര്‍ ആണ് പുതിയ പാര്‍ട്ടിയുടെ അധ്യക്ഷന്‍. ഗോപകുമാര്‍, കെ കെ ബിനു എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരാണ്. എസ് ബൈജു ട്രഷററാകും. കെ എസ് വിജയനാണ് ജനറല്‍ സെക്രട്ടറി. 50 അംഗ എക്‌സിക്യുട്ടീവ് സമിതി രൂപീകരിച്ചു. 15 അംഗ കൗണ്‍സിലും ചുമതലയേറ്റു. ആഴ്ചകള്‍ക്കകം എല്ലാ മണ്ഡലത്തിലും കമ്മിറ്റികള്‍ രൂപീകരിക്കും. ബിജെപി വഞ്ചിച്ചുവെന്നും അവരുമായി ഇനി ഒത്തുപോകാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. പുതിയ പാര്‍ട്ടി മറ്റൊരു സംഘടനകള്‍ക്കും എതിരല്ലെന്നും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവരുമായി യാതൊരു വിയോജിപ്പുമില്ലെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കും. പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും നേതാക്കള്‍ വ്യക്തമാക്കി.
ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് ഒരു വിഭാഗം ബിഡിജെഎസ് നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എന്‍ഡിഎ വിടണമെന്ന് ഇവര്‍ ഏറെ കാലമായി തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ സമ്മതിച്ചില്ല. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പിലും അവഗണിക്കപ്പെട്ടതിനാലാണ് ഇനിയും തുടരാനില്ല എന്ന് തീരുമാനിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട് ബിഡിജെഎസിന്റെ എല്ലാ ജില്ലാ ഘടകങ്ങളും പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി അംഗീകരിച്ചില്ല. പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രചാരണം നടത്തി. എല്ലാ പ്രവര്‍ത്തകരെയും വിമതരെ നിര്‍ത്തി ബിജെപി തോല്‍പ്പിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാനും അനുവദിച്ചില്ല.
ബിജെപി ബന്ധം ബിഡിജെഎസ് ഒഴിവാക്കാത്തതിനാല്‍ തങ്ങൾ പാര്‍ട്ടി വിട്ടു. മൂന്ന് ജനറല്‍ സെക്രട്ടറിമാരും 11 ജില്ലാ കമ്മിറ്റികളും ഒരുമിച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. ബൂത്ത് തലം വരെയുള്ള കമ്മിറ്റികളുടെ പിന്തുണയോടെയാണ് പുതിയ പാര്‍ട്ടി. ബിജെപി ഇടതുപക്ഷത്തിനൊപ്പം ശബരിമല വിഷയത്തില്‍ ഒട്ടേറെ സമരം നടത്തി. എല്ലാവരുടെ പേരിലും കേസുണ്ട്. ശബരിമല വിഷയത്തില്‍ വിശ്വാസികളെ വെല്ലുവിളിച്ച ഇടതുപക്ഷത്തെ വീണ്ടും ജയിപ്പിക്കാനുള്ള കുതന്ത്രമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായത്. യുഡിഎഫ് വരാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നത്.
കോണ്‍ഗ്രസ് മുക്ത കേരളം ലക്ഷ്യമിടുന്ന ഇവര്‍ക്കൊപ്പം ഇനിയും തുടരാന്‍ തങ്ങളില്ലെന്നും നേതാക്കള്‍ പറഞ്ഞു. എല്ലാ മത വിഭാഗങ്ങളുടെയും വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫിന് മാത്രമേ സാധിക്കൂ. ഞങ്ങള്‍ക്കും അവരെ വിശ്വാസമുണ്ട്, അതുകൊണ്ടാണ് പിന്തുണയ്ക്കുന്നത്. സ്വര്‍ണക്കടത്ത് വിഷയം ബിജെപി ഇപ്പോള്‍ മിണ്ടുന്നേയില്ല. യുഡിഎഫിനെ തകര്‍ക്കാനാണ് അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത്. അതിന് കൂട്ടുനില്‍ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം എന്നും നേതാക്കൾ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.