കുവൈറ്റ് ദുരന്തം: മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വ്യോമസേനാ വിമാനം പുറപ്പെട്ടു

 കുവൈറ്റ് ദുരന്തം: മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വ്യോമസേനാ വിമാനം പുറപ്പെട്ടു

തിരുവനന്തപുരം: കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വ്യോമസേനയുടെ സി-130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം കുവൈറ്റിലേക്ക് പുറപ്പെട്ടു. അപകടത്തില്‍ 24 മലയാളികള്‍ മരിച്ചതായാണ് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചിരിക്കുന്നത്. ഏഴ് മലയാളികള്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അപകടത്തില്‍ ആകെ 49 പേര്‍ മരിച്ചതായാണ് വിവരം.

ഡല്‍ഹിയിലെ ഹിന്ദന്‍ വ്യോമ കേന്ദ്രത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. എല്ലാവരുടേയും മൃതദേഹം ഒന്നിച്ചു കൊണ്ടുവരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ചിലരുടെ ഡിഎന്‍എ പരിശോധന കഴിഞ്ഞെങ്കിലും ഫലം ലഭിച്ചിട്ടില്ല. എത്ര പേരുടെ മൃതദേഹം കൊണ്ടുവരാന്‍ സാധിക്കും എന്ന കാര്യവും വ്യക്തമല്ല. മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.30 ഓടെ കൊച്ചിയിലേക്ക് എത്തിക്കാന്‍ സാധിച്ചേക്കും എന്നാണ് വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിമാര്‍ വിമാനത്താവളത്തില്‍ എത്തിയേക്കും.

അതിനിടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങുമായി കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹിയ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതും പരിക്കേറ്റവരുടെ ചികിത്സ സംബന്ധിച്ചുമാണ് ചര്‍ച്ച നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മരിച്ച മലയാളികളുടെ പേര് വിവരങ്ങള്‍ ചുവടെ:

1.എറണാകുളം സ്വദേശി ഡെനി റാഫേല്‍
2.കൊല്ലം ഓയൂര്‍ സ്വദേശി ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടില്‍ മകന്‍ ഷമീര്‍ (33)
3. പന്തളം മുടിയൂര്‍ക്കോണം ഐരാണിക്കുഴി ശോഭാലയത്തില്‍ ആകാശ് (32)
4.പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി മുരളീധരന്‍ നായര്‍ (60)
5.കോന്നി അട്ടച്ചാക്കല്‍ കൈതക്കുന്ന് ചെന്നശേരില്‍ സജു വര്‍ഗീസ് (56)
6.കോട്ടയം പാമ്പാടി സ്വദേശി സ്‌റ്റെഫിന്‍ എബ്രഹാം സാബു (29)
7.വെളിച്ചിക്കാല വടകോട് വിളയില്‍ വീട്ടില്‍ ലൂക്കോസ് (48)
8. കൊല്ലം പുനലൂര്‍ നരിയ്ക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ വില്ല പുത്തന്‍ വീട്ടില്‍ സാജന്‍ ജോര്‍ജ് (29)
9. ചെറുവത്തൂര്‍ പിലിക്കോട് എരവില്‍ സ്വദേശി തൃക്കരിപ്പൂര്‍ ഇളമ്പച്ചിയില്‍ താമസിക്കുന്ന പി. കുഞ്ഞിക്കേളു (58)
10.കാസര്‍കോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34)
11.തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37)
12.കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍
13. മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40)
14. പെരിന്തല്‍മണ്ണ പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36)
15.ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വീട്ടില്‍ശ്രീഹരി പ്രദീപ് (27)
16.ബിനോയ് തോമസ് ചാവക്കാട് സ്വദേശി
17.സിബിന്‍ തിരുവൊത്
18. നിഥിന്‍ കൊത്തൂര്‍
19. ഷിബു വര്‍ഗീസ്
20. അനീഷ് കെ
21. രാജു എബെമസന്‍
22. മാത്യു തോമസ്
23. ഡെന്നി ബേബി
24. അരുണ്‍ ബാബു

മലയാളി വ്യവസായി കെ.ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ പരമാവധി വെള്ളിയാഴ്ച തന്നെ നാട്ടിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് എന്‍ബിടിസി മാനേജ്‌മെന്റ് അറിയിച്ചു. ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി കൈമാറാന്‍ എന്‍ബിടിസി പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ ജീവനക്കാര്‍ക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയതായും കമ്പനി അറിയിച്ചു.

അതേസമയം കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.