ഇരട്ടക്കുഞ്ഞുങ്ങളെ വഹിച്ചിരുന്ന പ്രാം റെയില്‍വേ ട്രാക്കിലേക്ക് ഉരുണ്ടു വീണു; സിഡ്‌നിയില്‍ ഇന്ത്യക്കാരനായ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

ഇരട്ടക്കുഞ്ഞുങ്ങളെ വഹിച്ചിരുന്ന പ്രാം റെയില്‍വേ ട്രാക്കിലേക്ക് ഉരുണ്ടു വീണു; സിഡ്‌നിയില്‍ ഇന്ത്യക്കാരനായ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ ഇരട്ടക്കുഞ്ഞുങ്ങളെ വഹിച്ചിരുന്ന പ്രാം റെയില്‍വേ ട്രാക്കിലേക്ക് ഉരുണ്ടു വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ പിതാവിനും ഒരു കുഞ്ഞിനും ദാരുണാന്ത്യം. പൂനെയില്‍ നിന്നുള്ള 40 കാരനായ ആനന്ദ് റണ്‍വാളും ഇദ്ദേഹത്തിന്റെ രണ്ടു വയസുള്ള ഇരട്ട കുഞ്ഞുങ്ങളില്‍ ഒരാളുമാണ് അപകടത്തില്‍ മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ സിഡ്നിയിലെ കാള്‍ട്ടണ്‍ റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കുടുംബം ഇറങ്ങിയപ്പോള്‍ ഒരു ചെറിയ നേരത്തേക്ക് മാതാപിതാക്കള്‍ കുട്ടികളെ ഇരുത്തിയിരുന്ന പ്രാമില്‍ നിന്ന് കൈയ്യെടുത്തതോടെ പ്രാം പ്ലാറ്റ്‌ഫോമിലൂടെ ഉരുണ്ട് നീങ്ങി ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ പിതാവ് കുട്ടികളെ രക്ഷിക്കാന്‍ ട്രാക്കിലേക്ക് എടുത്തുചാടി. ഇതേസമയം പാളത്തിലൂടെ എത്തിയ ട്രെയിനിന്റെ അടിയില്‍പെട്ടാണ് പിതാവും കുഞ്ഞും മരിച്ചത്.



ഇടിച്ച ട്രെയിന് കാള്‍ട്ടണില്‍ സ്‌റ്റോപ്പുണ്ടായിരുന്നില്ല. അപകട വിവരം അറിഞ്ഞ് മിനിറ്റുകള്‍ക്കകം റെയില്‍വേ സ്റ്റേഷനിലെത്തിയ പൊലീസിന് ട്രെയിനിന്റെ അടിയില്‍ നിന്ന് കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. ട്രെയിനിനടിയിലൂടെ നുഴഞ്ഞ് കയറിയാണ് പൊലീസ് കുട്ടികളില്‍ ഒരാളെ രക്ഷപ്പെടുത്തിയത്. ഇരട്ടക്കുട്ടികളില്‍ ഒരാള്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടപ്പോള്‍ ട്രെയിനിനു മുന്നില്‍ അകപ്പെട്ട പിതാവും ഒരു മകളും മരണപ്പെടുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ 'ധീരനായ പിതാവ്' എന്നാണ് ആനന്ദ് റണ്‍വാളിനെ വിശേഷിപ്പിച്ചത്.

ആനന്ദ് റണ്‍വാള്‍ കഴിഞ്ഞ ഒക്ടോബറിലാണ് കുടുംബത്തോടൊപ്പം പൂനെയില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ എത്തിയത്. നോര്‍ത്ത് സിഡ്നിയിലെ ഒരു ഐടി സ്ഥാപനത്തിലാണ് റണ്‍വാള്‍ ജോലി ചെയ്തിരുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുഞ്ഞും അമ്മയും സെന്റ് ജോര്‍ജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. അപകടം നേരിട്ടു കണ്ടതിന്റെ കടുത്ത ആഘാതത്തിലാണ്
39 കാരിയായ അമ്മ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.