ഉരുള്‍പൊട്ടല്‍ ബാധിച്ചത് മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍; ആകെ 1721 വീടുകള്‍, 4833 താമസക്കാര്‍: വിവര ശേഖരണം തുടങ്ങി

ഉരുള്‍പൊട്ടല്‍ ബാധിച്ചത് മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍;  ആകെ 1721 വീടുകള്‍, 4833 താമസക്കാര്‍: വിവര ശേഖരണം തുടങ്ങി

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ 1721 വീടുകളിലായി 4833 പേര്‍ ഉണ്ടായിരുന്നതായാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണക്കെടുപ്പില്‍ വ്യക്തമാക്കുന്നത്.

പത്താം വാര്‍ഡായ അട്ടമലയില്‍ 601 കുടുംബങ്ങളിലായി 1424 പേര്‍. പതിനൊന്നാം വാര്‍ഡായ മുണ്ടക്കൈയില്‍ 451 കുടുംബങ്ങളിലെ 1247 പേര്‍. പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍ മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്.

ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഏകോപനത്തില്‍ വകുപ്പ് ഏറെ മുന്നേറിക്കഴിഞ്ഞെന്ന് തദ്ദേശ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിലും മൃതദേഹങ്ങളുടെ സംസ്‌കരണത്തിലും തദ്ദേശ വകുപ്പാണ് നേതൃത്വം നല്‍കുന്നത്.

ക്യാമ്പുകളുടെ വിശദ വിവരങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിത മേഖലയിലെ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരും ജനപ്രതിനിധികളും രംഗത്തിറങ്ങിയിട്ടുണ്ട്. ത്രിതല പഞ്ചായത്ത് ജീവനക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ മേഖലയിലെ ആളുകളെ മാറ്റി താമസിപ്പിച്ച 17 ക്യാമ്പുകളിലും 24 മണിക്കൂര്‍ കൗണ്‍സിലിങ് സേവനം നല്‍കുന്നുണ്ട്. മേഖലയില്‍ നിന്നും കാണാതായവരെക്കുറിച്ചുള്ള വിവര ശേഖരണം, പട്ടിക തയ്യാറാക്കല്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, നാശ നഷ്ടങ്ങളുടെ കണക്ക് തയ്യാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.