ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ (യു.പി.എസ്.സി) നോക്കുകുത്തിയാക്കി ലാറ്ററല്‍ എന്‍ട്രി വഴി സുപ്രധാന പദവികളില്‍ സ്വകാര്യ മേഖലയില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
യു.പി.എസ്.സിക്ക് പകരം ആര്‍.എസ്.എസ്. വഴി ജീവനക്കാരെ നിയമിക്കാനാണ് നരേന്ദ്ര മോഡി ശ്രമിക്കുന്നതെന്ന് ആരോപിച്ച രാഹുല്‍ ഇത് ഭരണഘടനയ്ക്ക് നേരെയുള്ള അതിക്രമമാണെന്നും കുറ്റപ്പെടുത്തി.
പത്ത് ജോയിന്റ് സെക്രട്ടറിമാര്‍, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലകളില്‍ നിന്ന് നിയമിക്കാനാണ് കേന്ദ്ര തീരുമാനം. ഒന്നര ലക്ഷം മുതല്‍ 2.7 വരെയാണ് ശമ്പളം.
ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി, സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരിക്കുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐടി, കോര്‍പ്പറേറ്റ് അഫയേഴ്സ്, വിദേശ കാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കാണ് 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം.
എസ്.സി-എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള സംവരണം പരസ്യമായി പിടിച്ചു പറിക്കുന്ന നടപടിയാണ് ഇതെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം രാജ്യത്തെ പ്രധാന പദവികകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലെന്ന് താന്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിന് പരിഹാരമുണ്ടാക്കേണ്ടതിന് പകരം ലാറ്ററല്‍ എന്‍ട്രി വഴി പിന്നാക്കക്കാരെ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ അകറ്റുകയാണെന്നും അദേഹം എക്സില്‍ കുറിച്ചു.
യു.പി.എസ്.സി ജോലികള്‍ ലക്ഷ്യമിട്ട് തയ്യാറെടുപ്പുകള്‍ നടത്തുന്ന പ്രവീണ്യമുള്ള യുവാക്കളുടെ അവകാശം തട്ടിപ്പറിക്കലാണിത്. സംവരണമടക്കമുള്ള സാമൂഹിക നീതിയെന്ന ആശയത്തിന് നേരേയുള്ള ആക്രമണമാണിത്.
കോര്‍പ്പറേറ്റുകളുടെ പ്രതിനിധികള്‍ പ്രധാന സര്‍ക്കാര്‍ പദവികള്‍ കൈവശം വെച്ചാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് സെബി. ചരിത്രത്തില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ നിന്നുള്ള ഒരാളെ ചെയര്‍പേഴ്സണാക്കിയത് ചൂണ്ടിക്കാട്ടി രാഹുല്‍ വിമര്‍ശിച്ചു.
സര്‍ക്കാരിന്റേത് രാജ്യവിരുദ്ധ നീക്കമെന്ന് വിമര്‍ശിച്ച രാഹുല്‍, ഇതിനെ ഇന്ത്യ സഖ്യം ശക്തമായി എതിര്‍ക്കുമെന്നും വ്യക്തമാക്കി. ഈ നീക്കം ഭരണ നിര്‍വഹണത്തേയും സാമൂഹിക നീതിയേയും വ്രണപ്പെടുത്തും. ഐഎഎസിന്റെ സ്വകാര്യവല്‍കരണം സംവരണം അട്ടിമറിക്കാനുള്ള മോഡിയുടെ ഗ്വാരന്റിയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.