'ഫോണില്‍ വിളിച്ച് മുറിയിലേക്ക് വരാന്‍ പറഞ്ഞു'; സിനിമയിലെ പ്രമുഖനില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് നടന്‍ തിലകന്റെ മകള്‍ സോണിയ

'ഫോണില്‍ വിളിച്ച് മുറിയിലേക്ക് വരാന്‍ പറഞ്ഞു'; സിനിമയിലെ പ്രമുഖനില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് നടന്‍ തിലകന്റെ മകള്‍ സോണിയ

തിരുവനന്തപുരം: അച്ഛന്റെ മരണ ശേഷം സിനിമ മേഖലയിലെ ഒരു പ്രമുഖനില്‍ നിന്ന് തനിക്ക് ദുരനുഭവം ഉണ്ടായെന്ന് നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. സഹോദര തുല്യനായ വ്യക്തിയില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്. ഫോണില്‍ വിളിച്ച് മുറിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

അച്ഛനോട് നീതി കാണിക്കാന്‍ കഴിഞ്ഞില്ലെന്നും അതില്‍ മാപ്പ് ചോദിക്കാനാണെന്നുമാണ് പറഞ്ഞത്. അതിന് മുറിയിലേക്ക് വരേണ്ട ആവശ്യമില്ലല്ലോ എന്ന് പറഞ്ഞ് ഒഴിവാക്കിയ ശേഷം ഫോണിലേക്ക് വന്നത് മോശം സന്ദേശങ്ങളായിരുന്നു.

അതോടെ ലക്ഷ്യം മനസിലായി. വിളിച്ചയാളുടെ പേര് തല്‍ക്കാലം പറയുന്നില്ല. അങ്ങനെയൊരു സാഹചര്യമുണ്ടാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും സോണിയ തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത എനിക്ക് ഈ അവസ്ഥ നേരിടേണ്ടി വന്നെങ്കില്‍ അതിനകത്ത് ഇവരുടെയൊക്കെ കൂടെ അഭിനയിക്കുന്ന പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും.

താര സംഘടനയായ എ.എം.എം.എ പിരിച്ചു വിടണമെന്നും തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിന് പിന്നിലും സിനിമയില്‍ നിന്ന് വിലക്കിയതിന് പിന്നിലും പവര്‍ ഗ്രൂപ്പാണെന്നും അവര്‍ പറഞ്ഞു.

'പവര്‍ ഗ്രൂപ്പിലൊരാളായ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് അച്ഛനോട് ഇറങ്ങിപ്പോടോ എന്ന് ആക്രോശിച്ചു. ആ വ്യക്തിയുമായി എനിക്കും പേഴ്‌സണലായിട്ടൊരു അനുഭവമുണ്ട്. അത് ഞാന്‍ മറ്റൊരു അവസരത്തില്‍ പറയാം. പതിനഞ്ചംഗ പവര്‍ കമ്മിറ്റി എന്ന് ജസ്റ്റിസ് ഹേമ പറഞ്ഞതില്‍ വരുന്ന പ്രധാന വ്യക്തി തന്നെയാണ് അയാള്‍.

2010 ല്‍ അച്ഛന്‍ പറഞ്ഞതിനെല്ലാം ഒരു സ്ഥിരീകരണം വന്നിരിക്കുകയാണിപ്പോള്‍. അതില്‍ വളരെയധികം സന്തോഷമുണ്ട്. അച്ഛനെ വിലക്കിയതിലൂടെ അവര്‍ എല്ലാവരുടെയും വായടപ്പിക്കുകയാണ് ചെയ്തത്. തന്നെ പുറത്താക്കുന്ന മീറ്റിങില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് അന്ന് സംഘടനയ്ക്ക്് നല്‍കാന്‍ അച്ഛന്‍ ഒരു എഴുത്ത് എന്റെ കൈയില്‍ തന്നിരുന്നു.

സംഘടനയുടെ ഓഫീസ് അന്ന് തിരുവനന്തപുരത്തായിരുന്നു. അപ്പോഴത്തെ സെക്രട്ടറി എന്റെ കൈയില്‍ നിന്ന് കത്ത് വാങ്ങുന്നതിന് മുമ്പ് ഫോണ്‍ എടുത്ത് പതിനഞ്ചംഗ പവര്‍ കമ്മിറ്റിയിലെ സൂപ്പര്‍ സ്റ്റാറിനെ വിളിച്ച് അനുവാദം ചോദിക്കുകയാണ്. അതാണോ സെക്രട്ടറിയുടെ ഉത്തരവാദിത്തം. സെക്രട്ടറി എന്ന പേരിലിരുത്തി, ഈ പതിനഞ്ചംഗ കമ്മിറ്റി തന്നെയാണ് അവിടെ ഭരിക്കുന്നത്'- സോണിയ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.