ഗുവാഹത്തി: ബാഗ് നഷ്ടപ്പെട്ടതിന് ഇന്‍ഡിഗോ നല്‍കിയ നഷ്ടപരിഹാരമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 45,000 രൂപയുടെ സാധനങ്ങളടങ്ങിയ ബാഗാണ് നഷ്ടമായത്. അതിന് ഇന്‍ഡിഗോ നഷ്ടപരിഹാരമായി നല്‍കിയതാകട്ടെ 2450 രൂപയും.
പാന്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ അടക്കമുള്ള രേഖകളും ബാഗിലുണ്ടായിരുന്നു. അസം സ്വദേശിയായി മോനിക് ശര്‍മ്മയ്ക്കാണ് ഇന്‍ഡിഗോ 'വല്ലാത്തൊരു' നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്. ഒരു മാസം മുമ്പ് കൊല്‍ക്കത്തയില്‍ നിന്നും ഗുവാഹത്തിയിലേക്ക് പറന്നപ്പോഴായിരുന്നു സംഭവം. മോനിക് അല്ല നഷ്ടപരിഹാരക്കഥ പുറംലോകത്തെ അറിയിച്ചത്. അദേഹത്തിന്റെ സുഹൃത്ത് രവി ഹാന്‍ഡയാണ് 'ഇന്‍ഡിഗോ കഥ' എക്സില്‍ പങ്കുവെച്ചത്.
'' ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍, ആധാര്‍ തുടങ്ങിയ പ്രധാനപ്പെട്ട പേപ്പറുകള്‍ക്കൊപ്പം 45,000 വിലയുള്ള സാധനങ്ങളും ബാഗില്‍ ഉണ്ടായിരുന്നു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് ചെക്ക് ഇന്‍ ചെയ്തതാണ്. എന്നാല്‍ ബാഗ് ഗുവാഹത്തിയില്‍ എത്തിയിട്ടില്ല. വായുവില്‍ നിന്ന് എങ്ങനെയാണ് ബാഗ് അപ്രത്യക്ഷമാകുന്നത്? വിമാനത്തില്‍ വെച്ച് ബാഗുകള്‍ ചോര്‍ന്നോ?''- ഇങ്ങനെയായിരുന്നു രവിയുടെ പോസ്റ്റ്.
നഷ്ടപ്പെട്ട ബാഗിന് പകരമായി 2450 രൂപ നഷ്ടപരിഹാരമായി നല്‍കാമെന്നായിരുന്നു ഇന്‍ഡിഗോയുടെ വാഗ്ദാനമെന്നും അത് സംഭവം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് വന്നതെന്നും അദേഹം വ്യക്തമാക്കുന്നു. പരിഹാസ്യമാണെന്നായിരുന്നു ബോര്‍ഡിങ് പാസിന്റെ ചിത്രം പങ്കുവെച്ച് അദേഹം പിന്നീട് കുറിച്ചത്.
''ബാഗിന് നഷ്ടപരിഹാര തുകയേക്കാള്‍ കൂടുതല്‍ വരും. ബാഗ് നഷ്ടപ്പെട്ടാല്‍ പരമാവധി 350/കിലോയ്ക്ക് എയര്‍ലൈന് ബാധ്യതയുണ്ടായിരിക്കുമെന്ന നിയമമുണ്ട്. ഇന്‍ഡിഗോ സോഷ്യല്‍ മീഡിയ ടീമിലെ ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ ദയവായി അവനെ സഹായിക്കൂ. 2450 എന്നത് മതിയായ തുക അല്ല'' - എന്നായിരുന്നു രവിയുടെ രണ്ടാമത്തെ കുറിപ്പ്.
കുറിപ്പ് വൈറലാകുകയും ദേശീയ മാധ്യമങ്ങളടക്കം സംഭവം വാര്‍ത്തയാക്കുകയും ചെയ്തതോടെ ഇന്‍ഡിഗോക്ക് ഇടപെടേണ്ടി വന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് പറഞ്ഞ് ഇന്‍ഡിഗോയില്‍ നിന്ന് വിളി വന്നതായും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് കമ്പനി ഉറപ്പ് നല്‍കിയതായും അദേഹം വ്യക്തമാക്കി. ഈ മാസം 24 നാണ് ഇന്‍ഡിഗോയില്‍ നിന്ന് വിളി വന്നത്. എന്നാല്‍ മതിയായ നഷ്ടപരിഹാരം ലഭിച്ചോ എന്ന് വ്യക്തമല്ല.
അതേസമയം രവിയുടെ പോസ്റ്റ് വളരെ വേഗമാണ് സാമൂഹിക മാധ്യമത്തില്‍ വൈറലായത്. മൂന്ന് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കണ്ടത്. ഇന്‍ഡിഗോയുടെ നടപടിയില്‍ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. കുറഞ്ഞ തുകയൊക്കെ നഷ്ടപരിഹാരമായി നല്‍കുന്നത് ആളെ കളിയാക്കുന്നത് പോലെയാണെന്നായിരുന്നു ഒരാള്‍ കുറിച്ചത്. സമാന അനുഭവം നേരിട്ടവരൊക്കെ അക്കാര്യം പങ്കുവെച്ചു. ഇന്‍ഡിഗോ തന്നെ അധിക നിരക്ക് ഈടാക്കിയ സംഭവവും ഒരാള്‍ രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.