ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ ആശുപത്രിയില്‍ അദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പോയത് പതിവ് മെഡിക്കല്‍ പരിശോധനകളുടെ ഭാഗമാണെന്നും തനിക്ക് പ്രായ സംബന്ധമായ പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും എണ്‍പത്താറുകാരനായ രത്തന്‍ ടാറ്റ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
ഇന്ന് പുറത്തു വന്ന പുതിയ വിവരങ്ങളോട് ടാറ്റ ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രത്തന്‍ ടാറ്റയുടെ ആരോഗ്യനില സംബന്ധിക്കുന്ന വിവരങ്ങളും പുറത്തു വിട്ടിട്ടില്ല.
തിങ്കളാഴ്ച രത്തന്‍ ടാറ്റയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുറത്തു വന്ന കുറിപ്പ് പ്രകാരം അദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനൊന്നും ഇല്ലെന്നായിരുന്നു അറിയിച്ചിരുന്നത്. തന്റെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വന്ന പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
1991 മാര്‍ച്ചിലാണ് രത്തന്‍ ടാറ്റ, ടാറ്റ സണ്‍സ് ചെയര്‍മാനായി സ്ഥാനമേറ്റത്. 2012 ഡിസംബര്‍ വരെ കമ്പനിയെ നയിച്ചു. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം പലമടങ്ങ് വര്‍ധിച്ചു. നിര്‍ണായകമായ പല ഏറ്റെടുക്കലുകളും നടത്തി. 1991 ല്‍ 10,000 കോടി രൂപയായിരുന്ന കമ്പനിയുടെ വിറ്റുവരവ് 2011-12 ആയപ്പോള്‍ 100.09 ബില്യന്‍ ഡോളറായി.
സ്ഥാനമൊഴിഞ്ഞതിന് ശേഷം പിന്നീട് ചെയര്‍മാന്‍ സ്ഥാനത്ത് വന്ന സൈറസ് മിസ്ത്രിയുമായി രത്തന്‍ ടാറ്റയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാര്‍ത്തകളും വലിയ ചര്‍ച്ചയായി. പിന്നീട് മിസ്ത്രിയെ 2016 ഒക്ടോബറില്‍ പുറത്താക്കുകയായിരുന്നു.
പിന്നീട് ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍. ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു. ശേഷം ടാറ്റ സണ്‍സ് ചെയര്‍മാന്‍ എമറിറ്റസ് പദവിയിലാണ് രത്തന്‍ ടാറ്റയുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.