"പരാജയത്തിലെ വിജയം"


ഒരു ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചു അത്‌ലറ്റ് ആബേൽ മുത്തായും സ്പെയിനിനെ പ്രതിനിധാനം ചെയ്തു ഇവാൻ ഫെർണാണ്ടസും മത്സരിക്കുന്നു. ഫിനിഷിങ്ങ് ലൈനിലെ അടയാളം തിരിച്ചറിയുന്നതിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിയെന്ന തെറ്റിദ്ധാരണമൂലം ഫിനിഷിങ്ങ്‌ പോയിൻറിനു മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു. എന്നാൽ തൊട്ടുപിന്നിൽ ഓടി വന്നിരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫെർണാണ്ടസിനു കാര്യം മനസ്സിലായി. അദ്ദേഹം ആബേലിനോടു ഓട്ടം തുടരാൻ ഉറക്കെ വിളിച്ചുപറഞ്ഞു. എന്നാൽ സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ടു അയാൾക്കു കാര്യം മനസ്സിലായില്ല, പ്രതികരിച്ചതുമില്ല. ഇതു ബോധ്യമായ ഇവാൻ, ആബേലിനെ പുറകിൽനിന്നും തള്ളി ഫിനിഷിങ്ങ് പോയിൻ്റിലെത്തിച്ചു. അമ്പരന്നുനിന്ന കാഴ്ചക്കാരുടെ ഇടയിൽനിന്നും ഒരു പത്രപ്രവർത്തകൻ ഇവാനോടു ചോദിച്ചു, താങ്കൾ എന്തിനാണീ കെനിയാക്കാരനെ വിജയത്തിലേക്കു തള്ളിവിട്ടത്??? അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഈ വിജയം താങ്കളുടേതാകുമായിരുന്നില്ലേ??? ആ ചോദ്യത്തിനു ഇവാൻ ലോകത്തോടു പറഞ്ഞ മറുപടി ഇതായിരുന്നു. "വിജയപാതയിലായിരുന്ന അവൻ്റെ ആശയക്കുഴപ്പത്തിൽ ഞാൻ നേടുന്ന വിജയത്തിനു എനിക്കു എന്തു യോഗ്യതയാണുള്ളത്??? ഞാൻ അങ്ങനെ ചെയ്താൽ, ഇതു കണ്ടുകൊണ്ടിരിക്കുന്ന എൻ്റെ അമ്മ എന്തു വിചാരിക്കും??? വിജയിക്കാനുള്ള തെറ്റായ വഴികളല്ല, സത്യസന്ധതയുടെ മൂല്യങ്ങളേയാണു നാം മുറുകെപിടിക്കേണ്ടത്"

തൊട്ടാവാടി മുള്ളുണ്ടായിട്ടും തോറ്റു തരുന്നതു ജയിക്കാനറിയാഞ്ഞിട്ടല്ല, മറിച്ചു മറ്റുള്ളവർ സന്തോഷിക്കാനാണ്. ഈ രണ്ടു വീക്ഷണങ്ങളും നമ്മുടെ മുന്നിൽ വരച്ചിട്ട ചില ചിത്രങ്ങളുണ്ട്. അവ ഉൾക്കൊള്ളാൻ വരകളിലെ വരമ്പുകളിലൂടെ നാം നോക്കണം. പറയാൻ പ്രയാസമില്ലാത്തതും പ്രവർത്തിയിൽ പരുക്കനുമായ ചില ചിന്തകൾ. പക്ഷേ നേടിയാൽ നന്മ മാത്രം വിളയിക്കുന്ന നല്ല ചിന്തകൾ.

എങ്ങനെയും വിജയിക്കാനുള്ള തത്രപ്പാടിൽ ഞാനും നിങ്ങളുമെല്ലാം മുന്നും പിന്നും ഓരവുമൊന്നും നോക്കാതെ നെട്ടോട്ടമോടുകയാണ്. തോറ്റുകൊടുക്കാതെ കുതിക്കുകയാണു നാം. അർഹിക്കാത്ത വിജയം വെട്ടിപ്പിടിക്കാനുള്ള വീറിലും വാശിയിലും പലപ്പോഴും നമുക്കൊക്കെ പലതും അടിയറവു പറയേണ്ടിവരുന്നു. നീണ്ടുനിൽക്കാത്ത വിജയവീഥിയിൽ വെപ്രാളംപൂണ്ടു പാഞ്ഞു അനശ്വര വിജയത്തിൻ്റെ ഇടനാഴികൾ മറന്നവരാണു നാം. ക്ഷണികമായ ജയത്തിൻ്റെ വഴിയേ പോയി പരാജയത്തിലെ നന്മകൾ ഹോമിച്ചവരാണു നാം. എങ്ങനേയും ജയിക്കാനുള്ള രാത്രിയോട്ടത്തിൽ മൂല്യങ്ങളാകുന്ന റാന്തൽ കരുതാൻ മറന്നു, വെളിച്ചമില്ലാവഴിയിൽ വീണു മൂഢരായവരാണു നാം. അർഹമായവരിൽ നിന്നും തട്ടിയെടുത്തു നേടുന്ന അനർഹവിജയങ്ങൾ പരാജയങ്ങൾ തന്നെയാണ്. അനർഹവിജയപാതയിൽ പരക്കം പായാതെ അർഹിക്കുന്നവനു വിട്ടുകൊടുത്തു വരിക്കുന്ന പരാജയത്തിൻ്റെ മധുരം വ്യത്യസ്തമാണ്. ജയിക്കാമായിരുന്നിട്ടും തോറ്റുകൊടുത്ത തൊട്ടാവാടി പകർന്ന മധുരമതാണ്. മറ്റുള്ളവരുടെ മനസ്സിൻ്റെ സന്തോഷം കെടുത്താതിരിക്കാനാണു തൊടുമ്പോൾ തൊട്ടാവാടി തല താഴ്ത്തുന്നത്. അതാണു പരാജയത്തിലെ വിജയം. അർഹതയുള്ളവനും ഉറ്റവർക്കും ഉടയവർക്കുമായി നാം വഴിമാറുമ്പോൾ ക്ഷണികനേരത്തേക്കു തോറ്റെന്നു വരാം, പക്ഷേ ആ തോൽവിയിൽ നിത്യനിർമ്മല രത്നങ്ങളായി നാം മറ്റുള്ളവരുടെ മനസ്സിൽ കുട്ടികയറുകയാണ്. തോൽവികളിലും തോൽക്കാതെ തിളങ്ങുന്ന വൈരം. അതാണു പരാജയത്തിലെ മതിപ്പും തനിമയും നൽകുന്ന വിജയം. ജീവിതത്തിലെ പരാജയങ്ങളാകുന്ന കയ്പ്പേറിയ കനികളാണു വിജയത്തിൻ്റെ മാധുര്യം ഇരട്ടിയാക്കുന്നത്.

പരാജയം ഒരിക്കലും ഒരവസാനമല്ല, ഒരവസരമാണ്. അവസരമാകുന്ന വാതായനങ്ങളാണു നമുക്കു മുന്നിൽ തുറക്കുന്നത്. ചിന്തയാകുന്ന മുറംകൊണ്ടു പതിരും കതിരും തിരിച്ചു തിരുത്തി തുടരാനുള്ള അവസരത്തിൻ്റെ വാതായനങ്ങൾ. ജീവിതവിജയത്തിനു മാന്ത്രികസൂക്തങ്ങളും കുറുക്കുവഴികളുമില്ല. അതു കഠിനാദ്ധ്വാനത്തിലൂടെയും തീവ്രപരിശീലനത്തിലൂടെയും ആർജ്ജിച്ചെടുക്കുന്ന അമൂല്യനിധിയാണ്. എളുപ്പവഴികളിലൂടെയും തന്ത്രങ്ങളിലൂടെയും വരിക്കുന്ന വിജയം ക്ഷിപ്രം കൈക്കലാക്കാമെങ്കിലും ക്ഷണികവും നശ്വരവുമാണ്. അതു കാലങ്ങൾ താണ്ടുമ്പോൾ നമ്മെ പരാജയത്തിൻ്റെ പടുകുഴിയിൽ തള്ളും. എന്നാൽ തോൽവികളിലും പതറാതെ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും നേടിയെടുക്കുന്ന വിജയം സമയമെടുക്കുമെങ്കിലും സ്ഥിരതയുള്ളതും അനന്തവുമായിരിക്കും. വീഴ്ചകളിൽ നിന്നും ഉയർന്നുവന്നാർജ്ജിക്കുന്ന വിജയം മൂല്യങ്ങളിൽ അധിഷ്ഠിതവും മനസ്സുകൾ കീഴടക്കുന്നതുമാണ്. മഹാകവി ഉള്ളൂരിൻ്റെ വരികളിലെ വെളിച്ചം പകരുന്ന തെളിമ വഴികാട്ടണം.

"പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവുള്ളവണ്ണം
ദീർഘമാം കരങ്ങളെ നൽകിയതേ
മനുജനെ പാരിലയച്ചതീശൻ"

ഒരാളിൽനിന്നും തട്ടിയെടുത്തു ചാർത്തേണ്ട പട്ടമല്ല വിജയമെന്നത്. അതു യോഗ്യതയുള്ളവർ ഉയർത്തേണ്ട കിരീടമാണ്. അറിഞ്ഞിട്ടും അർഹതയുള്ളവൻ്റെ അത്താഴം മുടക്കുന്നതു അഹിതവും അന്യായവുമാണ്. തീർത്താൽ തീരാത്ത തെറ്റാണത്. അർഹിക്കുന്നവനു അർഹമായ വിജയം വിട്ടുകൊടുത്തു പേറുന്ന പരാജയം വിജയത്തിനു മുകളിലാണ്.

തട്ടിയെടുത്തു നേടുന്ന നേട്ടത്തേക്കാൾ വിട്ടുകൊടുത്തു വരിക്കുന്ന വീഴ്ചയാണു വിജയമെന്ന പരുക്കൻ പരമാർത്ഥമെന്നും നയിക്കണമീയുലകിലുലക്കാതെ നമ്മെ.


✍️ റ്റോജോമോൻ ജോസഫ്
        മരിയാപുരം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.