സെമിത്തേരിക്ക് അടിയില്‍ കൂറ്റന്‍ തുരങ്കം: ഇതാണ് ഹിസ്ബുള്ളയുടെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂം; റോക്കറ്റുകള്‍ ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം

സെമിത്തേരിക്ക് അടിയില്‍ കൂറ്റന്‍ തുരങ്കം: ഇതാണ്  ഹിസ്ബുള്ളയുടെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂം; റോക്കറ്റുകള്‍ ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം

ടെല്‍ അവീവ്: ലെബനനില്‍ ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍ സൈന്യം. സെമിത്തേരിക്ക് അടിയിലായി കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ കൊണ്ട് നിര്‍മിച്ച തുരങ്കമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. കിലോ മീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന ഈ തുരങ്കം കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.

ഹിസ്ബുള്ളയുടെ മുതിര്‍ന്ന അംഗങ്ങള്‍ വിശ്രമ കേന്ദ്രമായും ഉപയോഗിച്ചിരുന്ന തുരങ്കത്തില്‍ ആയുധങ്ങളുടെ വന്‍ ശേഖരവും ഇസ്രയേല്‍ സൈന്യം കണ്ടെത്തി. തോക്കുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തു വിട്ടു.

ഒരു ലെബനീസ് പൗരന്റെ വീടിന് അടിയിലായി ഹിസ്ബുള്ള നിര്‍മിച്ചിരുന്ന തുരങ്കത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ കഴിഞ്ഞ മാസം പുറത്തു വിട്ടിരുന്നു. സെപ്തംബറില്‍ ലെബനനില്‍ കരമാര്‍ഗം നടത്തിയ ആക്രമണത്തില്‍ അനേകം തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.

ഇതിലൊന്ന് ഇസ്രയേലിലേക്ക് എത്തിച്ചേരുന്നതായിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ലെബനീസ് അതിര്‍ത്തിയില്‍ ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

അതിനിടെ, ലെബനനില്‍ സെപ്തംബര്‍ മാസത്തില്‍ 40 പേരുടെ മരണത്തിനും 3000 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ പേജര്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു.

ലെബനനിലെ പേജര്‍ ആക്രമണത്തിന് താനാണ് അനുമതി നല്‍കിയതെന്ന് നെതന്യാഹു സമ്മതിച്ചതായി അദേഹത്തിന്റെ വക്താവ് ഒമെര്‍ ദോസ്ത്രി ആണ് വെളിപ്പെടുത്തിയത്.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ കൊലപ്പെടുത്തിയതും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് നെതന്യാഹു സമ്മതിച്ചു. പ്രതിരോധ വിഭാഗത്തിലെ മുതിര്‍ന്ന അംഗങ്ങളുടെയും രാജ്യത്തെ മറ്റ് രാഷ്ട്രീയ നേതാക്കളുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് താന്‍ ഈ രണ്ട് തീരുമാനവും എടുത്തതെന്ന് നെതന്യാഹു പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.