വയനാടിന് പ്രത്യേക സാമ്പത്തിക സഹായം: ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

വയനാടിന്  പ്രത്യേക സാമ്പത്തിക സഹായം: ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്ന ഉന്നതാധികാര സമിതിയുടെ കൈവശമാണെന്നും ആ സമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ ആവശ്യത്തിന് തുകയുണ്ടല്ലോ എന്ന നിലപാടും കേന്ദ്രം ഇന്ന് ആവര്‍ത്തിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തെക്കുറിച്ചുള്ള കേന്ദ്ര നിലപാട് ചര്‍ച്ചയാകുന്നതിനിടെയായിരുന്നു ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കെ.വി ജയകുമാര്‍ എന്നിവരുടെ ബെഞ്ച് വിഷയം പരിഗണിച്ചത്.

കേന്ദ്ര സഹായത്തിന്റെ കാര്യത്തില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് അയച്ച കത്ത് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കി. ഈ കത്ത് വായിച്ചാല്‍ സാമ്പത്തിക സഹായമില്ല എന്ന് തന്നെയാണ് മനസിലാകുക എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക സഹായം നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.

പിന്നാലെ ഈ വിഷയത്തില്‍ കഴിയുന്നത്ര വേഗത്തില്‍ തീരുമാനമെടുക്കുന്നില്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞു. പുനരധിവാസം അടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ഇരയായവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നത് പോലെയുള്ള കാര്യങ്ങളില്‍ വ്യക്തത വരണമെങ്കില്‍ ദുരന്തം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നു എന്ന് വ്യക്തമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.