ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ആശയ വിനിമയം നടത്തിയെന്ന വെളിപ്പെടുത്തലുമായി ഡോണള്‍ഡ് ട്രംപ്

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ആശയ വിനിമയം നടത്തിയെന്ന വെളിപ്പെടുത്തലുമായി ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ആശയ വിനിമയം നടത്തിയെന്ന വെളിപ്പെടുത്തലുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനപ്പെട്ട ലോക നേതാക്കളുമായെല്ലാം ആശയവിനിമയം നടത്തിയ ട്രംപ് പക്ഷെ ഷി ജിന്‍പിങ്ങുമായി ആശയവിനിമയം നടത്തിയിരുന്നില്ല. മാത്രമല്ല ചൈനക്കെതിരെ നിലപാട് കടുപ്പിക്കുമെന്ന സൂചനകളും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് നല്‍കിയിരുന്നു.

എന്നാല്‍ എന്‍ബിസിയുടെ മീറ്റ് ദി പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഷി ജിന്‍പിങ്ങുമായി ആശയവിനിമയം നടത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയത്.

'എനിക്ക് പ്രസിഡന്റ് ഷിയുമായി വളരെ നല്ല ബന്ധമുണ്ട്. ഞാന്‍ ആശയവിനിമയം തുടരുന്നു', എന്നായിരുന്നു തായ്വാന്‍ ആക്രമണം സംബന്ധിച്ച ചൈനയുടെ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി ട്രംപ് പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം ഷിയുമായി ബന്ധപ്പെട്ടോ എന്ന് ചോദ്യത്തിന് 'ഞാന്‍ മൂന്ന് ദിവസം മുമ്പ് ആശയവിനിമയം നടത്തിയിരുന്നു' എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍ എപ്പോഴാണ് ഷി ജിന്‍പിങ്ങുമായി ആശയവിനിമയം നടത്തിയതെന്നോ എന്തായിരുന്നു ചര്‍ച്ചയുടെ ഉള്ളടക്കമെന്നോ സംബന്ധിച്ച വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. 2019 ജൂണില്‍ ജപ്പാനില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയായിരുന്നു ഷി ജിന്‍പിങ്ങും ട്രംപും അവസാനമായി കണ്ടത്.

നേരത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ചൈനയ്ക്ക് മേല്‍ 10% അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഫെന്റനില്‍ പോലുള്ള മരുന്നുകളുടെ അമേരിക്കയിലേയ്ക്കുള്ള കടത്തിനെതിരെ ട്രംപ് നിലപാട് സ്വീകരിച്ചിരുന്നു. മെക്സിക്കോയില്‍ നിന്ന് യു.എസിലേക്ക് വന്‍തോതില്‍ എത്തുന്ന ഫെന്റനിലിന് 10% അധിക തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

ഫെന്റനില്‍ പോലുള്ള മരുന്നുകളുടെ അമേരിക്കയിലേക്കുള്ള ഒഴുക്ക് നിയന്ത്രിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ജനുവരി 20 ന് തന്റെ സ്ഥാനാരോഹണ ദിവസം തന്നെ ചൈനയ്‌ക്കെതിരെ 10 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
നിരോധിത മയക്കുമരുന്നായ ഫെന്റനിലിന്റെ കള്ളക്കടത്ത് ചൈന തടയിടുന്നത് വരെ ഈ അധിക തുക ഈടാക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

ചൈനീസ് അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് മെക്‌സിക്കോയില്‍ അനധികൃത ഫെന്റനില്‍ നിര്‍മ്മിക്കുകയും തുടര്‍ന്ന് മയക്കുമരുന്ന് മാഫിയകള്‍ അത് അതിര്‍ത്തി കടത്തുകയും ചെയ്യുന്നുവെന്നാണ് ദീര്‍ഘകാലമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.