തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; മൂന്ന് പഞ്ചായത്തുകളില്‍ ഇടത് മുന്നണിക്ക് ഭരണ നഷ്ടം

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; മൂന്ന് പഞ്ചായത്തുകളില്‍ ഇടത് മുന്നണിക്ക് ഭരണ നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മൂന്ന് പഞ്ചായത്തുകളില്‍ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടത് മുന്നണി അധികാരത്തില്‍ നിന്നും പുറത്തായത്.

നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. യുഡിഎഫിലെ പി. വിനു 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്. നാട്ടിക പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ എല്‍ഡിഎഫ് മെമ്പര്‍ ഷണ്‍മുഖന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവില്‍ എല്‍ഡിഎഫ്-6, യുഡിഎഫ്-5, ബിജെപി-3 എന്നിങ്ങനെയായിരുന്നു. ഒമ്പതാം വാര്‍ഡിലെ വിജയത്തോടെ യുഡിഎഫ് കക്ഷിനില ആറായി ഉയര്‍ന്നു.

തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പഞ്ചായത്ത് വാര്‍ഡ് കോണ്‍ഗ്രസും, കൊടുങ്ങല്ലൂര്‍ നഗരസഭ വാര്‍ഡ് ബിജെപിയും നിലനിര്‍ത്തി. പത്തനംതിട്ട നിരണം പഞ്ചായത്ത് കിഴക്കുംമുറി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. 211 വോട്ടുകള്‍ക്ക് യുഡിഎഫിലെ രജി കണിയന്ത്ര വിജയിച്ചു.

കൊല്ലം പടിഞ്ഞാറേക്കല്ലട അഞ്ചാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിന്ധു കോയിപ്രം 92 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാന്‍കോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 130 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡ് ഇടത് മുന്നണിക്ക് നഷ്ടമായി. മുസ്ലിം ലീഗിലെ അലി തേക്കത്ത് 28 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാകും.

പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കോഴിക്കോട് കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ദീപക് 99 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പത്തനംതിട്ട എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡില്‍ ബിജെപി വിജയിച്ചു. സിറ്റിങ് സീറ്റില്‍ യുഡിഎഫിനെയാണ് പരാജയപ്പെടുത്തിയത്.

കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 216 വോട്ടിനാണ് ഇടത് സ്ഥാനാര്‍ത്ഥി വിജയിച്ചത്. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 42 വര്‍ഷമായി സിപിഎം തുടര്‍ച്ചയായി വിജയിച്ചിരുന്ന ഡിവിഷനാണിത്. മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ 18-ാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ഇടത് മുന്നണി പിടിച്ചെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.