തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശകരമായ നാലാം ദിനത്തിലേക്ക് കടക്കുകയാണ്. നാളെ സമാപനത്തിലേക്ക് അടുക്കുമ്പോള്‍ മത്സരാവേശവും അതോടൊപ്പം ചൂടുപിടിച്ചിരിക്കുകയാണ്. സ്വര്‍ണ കപ്പിനായി ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
മൂന്ന് ദിവസങ്ങളിലായി 249 മത്സരങ്ങളില്‍ 179 എണ്ണം പൂര്‍ത്തിയായി. ഹൈസ്‌കൂള്‍ പൊതുവിഭാഗത്തില്‍ 69, ഹയര്‍ സെക്കന്‍ഡറി പൊതുവിഭാഗത്തില്‍ 79, ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ 16, ഹൈസ്‌കൂള്‍ സംസ്‌കൃത വിഭാഗത്തില്‍ 15 ഇനങ്ങള്‍ വീതമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇനി ബാക്കിയുള്ളത് 70 മത്സരങ്ങള്‍ മാത്രമാണ്.
713 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂരാണ് മുന്നില്‍. 708 പോയിന്റുമായി കോഴിക്കോടും തൃശൂരും തൊട്ടു പിന്നാലെയുണ്ട്. 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ 123 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 93 പോയിന്റുമായി രണ്ടാം സ്ഥാനത്തായി.
കുച്ചിപ്പുടി, തിരുവാതിര കളി, നാടോടി നൃത്തം, ദഫ് മുട്ട്, ചവിട്ടുനാടകം, കേരള നടനം, കോല്‍ക്കളി, ആണ്‍കുട്ടികളുടെ ഭരതനാട്യം, പരിചമുട്ട്, ഓട്ടന്‍ തുള്ളല്‍, കഥകളി, ദേശഭക്തിഗാനം, മൂകാഭിനയം, മലപ്പുലയ ആട്ടം, സംഘ ഗാനം, കഥാപ്രസംഗം, ബാന്‍ഡ് മേളം തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെ നടന്നത്.
ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. പായസം കുടിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ്, അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മൂന്നാം വേദിയായ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം, വേദി ഒന്നില്‍ ഉച്ചയ്ക്ക് നടക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം സംഘ നൃത്തം, വേദി അഞ്ചില്‍ നടക്കുന്ന ഹയര്‍ സെക്കന്ററി വിഭാഗം നാടോടി നൃത്തം എന്നിവയാണ് ഇന്നത്തെ ജനകീയ ഇനങ്ങള്‍. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളുടെ മോണോ ആക്റ്റ്, മിമിക്രി മത്സരങ്ങളും ഇന്ന് നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.