വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് ഭരണകൂടം അധികാരമേറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച ഇന്ത്യയുമായി. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
ട്രംപ് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ യു.എസിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് എസ്. ജയശങ്കര്‍ എത്തിയത്. അയല്‍ രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായോ അല്ലെങ്കില്‍ ഏതെങ്കിലും നാറ്റോ സഖ്യ രാജ്യത്ത് നിന്നുള്ള പ്രതിനിധിയുമായോ ആണ് പുതിയ ഭരണകൂടം അധികാരത്തിലെത്തിയാല്‍ ആദ്യത്തെ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നത്.
എന്നാല്‍ അത്തരം വ്യവസ്ഥാപിത സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്താനുള്ള മാര്‍കോ റുബിയോയുടെ തീരുമാനം ഇന്ത്യയുമായുള്ള ബന്ധത്തിന് അമേരിക്ക നല്‍കുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നതായാണ് വിലയിരുത്തല്‍.
ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹവര്‍ത്തിത്വവുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വത്രയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ശേഷം റുബിയോയും ജയശങ്കറും ഒരുമിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു മുന്നില്‍ വരുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി.
റുബിയോയുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും പ്രാദേശിക-ആഗോള വിഷയങ്ങളില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ ഇരുരാജ്യങ്ങളും പങ്കുവെച്ചതായും ഡോ. ജയശങ്കര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.
ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് അതിഥികളായെത്തിയ ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ കുറിച്ചും ജയശങ്കര്‍ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചു. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ക്വാഡ് സഖ്യത്തിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.