73 കോടി മുടക്കി 16 സിനിമകള്‍, തിരികെ നേടിയത് 23 കോടി; ഫെബ്രുവരിയിലെ ലാഭ നഷ്ട കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

73 കോടി മുടക്കി 16 സിനിമകള്‍, തിരികെ നേടിയത് 23 കോടി; ഫെബ്രുവരിയിലെ ലാഭ നഷ്ട കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: ഫെബ്രുവരിയിലെ ലാഭ നഷ്ട കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത 16 സിനിമകളില്‍ 12 സിനിമകളും നഷ്ടമായിരുന്നുവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. 73 കോടി രൂപ മുതല്‍ മുടക്കില്‍ 16 സിനിമകള്‍ റിലീസ് ചെയ്തു. അതില്‍ തിയറ്ററുകളില്‍ നിന്ന് തിരികെ നേടിയത് 23 കോടി രൂപ മാത്രമാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.

നാല് സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒന്നരക്കോടി രൂപ മുടക്കിയ സിനിമ തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തത് 10,000 രൂപ മാത്രമാണെന്നും നിര്‍മാതാക്കളുടെ സംഘടന പറഞ്ഞു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മാത്രമാണ് ലാഭത്തോട് ഏകദേശം അടുത്ത് നില്‍ക്കുന്ന ചിത്രം. 13 കോടി രൂപയായിരുന്നു ചിത്രത്തിന്റെ നിര്‍മാണ ചെലവ്. 11 കോടി രൂപ തിയറ്ററുകളില്‍ നിന്ന് ചിത്രം ഇപ്പോള്‍ കളക്ഷന്‍ നേടി. ബ്രോമന്‍സ് ആണ് മറ്റൊരു ചിത്രം.

എട്ട് കോടി മുതല്‍ മുടക്കില്‍ എടുത്ത ചിത്രം നാല് കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. ഒന്നരക്കോടി മുതല്‍ മുടക്കില്‍ എടുത്ത ലൗ ഡെയ്ല്‍ എന്ന ചിത്രം 10000 രൂപ മാത്രമാണ് കളക്ഷന്‍ നേടിയതെന്നും അസോസിയേഷന്‍ അറിയിച്ചു.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ആപ് കൈസേ ഹോ എന്ന ചിത്രം രണ്ടരക്കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയത്. അഞ്ച് ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് തിരിച്ചു പിടിക്കാനായത്. ഓരോ സിനിമയുടേയും ബജറ്റും കളക്ഷന്‍ തുകയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

തിയറ്റര്‍ ഷെയര്‍ അഥവാ നെറ്റ് കളക്ഷന്‍ ആണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ബോക്‌സ് ഓഫീസ് കളക്ഷനില്‍ നിന്ന് വിനോദ നികുതി അടക്കമുള്ളവ ഒഴിവാക്കിയതിന് ശേഷം ലഭിക്കുന്ന തുകയാണ് തിയറ്റര്‍ ഷെയര്‍ അഥവാ നെറ്റ് കളക്ഷന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.