മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഉടന്‍ ഇന്ത്യയിലെത്തിക്കും

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍  തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഉടന്‍ ഇന്ത്യയിലെത്തിക്കും

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയിലെത്തിക്കും. തന്നെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാനുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ നീക്കം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം റാണ സമര്‍പ്പിച്ച ഹര്‍ജി യു.എസ് സുപ്രീം കോടതി തള്ളിയിരുന്നു.

ഇതേ ആവശ്യം ഉന്നയിച്ച് റാണ മാര്‍ച്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി നിരസിച്ചിരുന്നു. വ്യവസായിയായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരത്വമുള്ള പാക്കിസ്ഥാന്‍ സ്വദേശിയാണ്.

ഇന്ത്യയില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പാര്‍ക്കിന്‍സണ്‍സ്, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ തനിക്കുണ്ടെന്നുമായിരുന്നു ഹര്‍ജിയില്‍ ഇയാളുടെ വാദം. പാക് ആര്‍മിയിലെ മുന്‍ ഡോക്ടറാണ് റാണ.

ഇന്ത്യ-അമേരിക്ക കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറുന്നത്. ഇയാള്‍ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ഫെബ്രുവരിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റാണയെ ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കിയിരുന്നു.

2008 നവംബര്‍ 26 ലെ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. റാണയ്‌ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭീകരാക്രമണം നടപ്പാക്കാന്‍ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് എല്ലാ സഹായവും നല്‍കിയത് തഹാവൂര്‍ റാണയാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ഡെന്‍മാര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിനും ലഷ്‌കര്‍ ഭീകരരെ സഹായിച്ചതിനും 2013 ല്‍ റാണയ്ക്ക് ഷിക്കാഗോ കോടതി 14 വര്‍ഷം തടവ് വിധിച്ചിരുന്നു. ലോസ് ആഞ്ചലസിലെ ഫെഡറല്‍ തടങ്കല്‍ കേന്ദ്രത്തിലായിരുന്നു റാണയെ പാര്‍പ്പിച്ചിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.