സഹകരണ ബാങ്ക് മോഡല്‍ തട്ടിപ്പ് കെഎസ്എഫ്ഇയിലും; ആലപ്പുഴയില്‍ സ്പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സഹകരണ ബാങ്ക് മോഡല്‍ തട്ടിപ്പ് കെഎസ്എഫ്ഇയിലും; ആലപ്പുഴയില്‍ സ്പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

ആലപ്പുഴ: സഹകരണ ബാങ്ക് മോഡല്‍ തട്ടിപ്പ് കെഎസ്എഫ്ഇയിലും. ഇടപാടുകാരുടെ ആധാരങ്ങള്‍ അവര്‍ അറിയാതെ ഈടുവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. കെഎസ്എഫ്ഇ ആലപ്പുഴ അസി. ജനറല്‍ ഓഫീസിലെ സ്പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റായ എസ്. രാജീവാണ് തട്ടിപ്പ് നടത്തിയത്. 

കെഎസ്എഫ്ഇ എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായ ഇയാളെ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സസ്പെന്‍ഡ് ചെയ്തു.

വായ്പക്കായി അയല്‍വാസി ഹാജരാക്കിയ ആധാരം സ്വന്തം ചിട്ടിക്ക് ജാമ്യമാക്കി 30 ലക്ഷം തട്ടിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ഒരു കേസ്. മണ്ണഞ്ചേരി സ്വദേശിനി എന്‍. സുമ നല്‍കിയ പരാതിയില്‍ രാജീവിന്റെ പേരില്‍ മണ്ണഞ്ചേരി പൊലീസ് വിശ്വാസവഞ്ചനക്കും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ ഒളിവില്‍പ്പോയെന്നാണ് വിവരം.

കെഎസ്എഫ്ഇ ആലപ്പുഴ ഇരുമ്പുപാലം ശാഖയില്‍ സുമ 12 ലക്ഷത്തിന്റെ ചിട്ടിക്ക് ചേര്‍ന്നിരുന്നു. വീട് നിര്‍മാണത്തിനായി ഇതില്‍ നിന്ന് ആറ് ലക്ഷം രൂപ വായ്പയെടുക്കാന്‍ തന്റെ പേരിലുള്ള 12 സെന്റ് ഭൂമിയുടെ ആധാരം കെഎസ്എഫ്ഇക്ക് ഈട് നല്‍കി. രേഖകള്‍ ശരിയാക്കാന്‍ രാജീവാണ് സഹായിച്ചത്. എന്നാല്‍ ആ സ്ഥലത്തേക്ക് വഴിയില്ലെന്നു പറഞ്ഞ് സുമയുടെ ഭര്‍ത്താവിന്റെ പേരിലുള്ള എട്ട് സെന്റിന്റെ ആധാരവും രാജീവ് കൈക്കലാക്കി. തുടര്‍ന്ന് 12 സെന്റ് ഭൂമിയുടെ ആധാരം ഇയാള്‍ സ്വന്തം ചിട്ടിക്ക് ജാമ്യമാക്കുകയായിരുന്നു.

ചിട്ടിപിടിച്ച ശേഷം രാജീവ് തുക തിരിച്ചടയ്ക്കാതെ വന്നതോടെ കെഎസ്എഫ്ഇ റവന്യൂ റിക്കവറി നടപടി തുടങ്ങി. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് സുമ പലതവണ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്.

മറ്റൊരു സംഭവത്തില്‍ ബന്ധുവായ ആലപ്പുഴ കലവൂര്‍ തെക്കേ വെളിയില്‍ സനീഷും രാജീവിനെതിരെ പരാതിയുമായി എത്തിയിരുന്നു. കെഎസ്എഫ്ഇ ആലപ്പുഴ കിടങ്ങാംപറമ്പ് സായാഹ്ന ശാഖയില്‍ വായ്പക്കായി ഈട് നല്‍കിയ ഭൂരേഖകള്‍ അവിടെ നിന്ന് മാറ്റിയതായാണ് പരാതി. രേഖകള്‍ രാജീവിന്റെയും ഭാര്യയുടെയും പേരില്‍ കലവൂര്‍ ശാഖയില്‍ ചേര്‍ന്ന ചിട്ടിക്ക് ഈട് നല്‍കിയതായും സനീഷ് പറയുന്നു. രാജീവിനെതിരെ കലവൂര്‍ തെക്കേ വെളിയില്‍ രവീന്ദ്രനും ഭാര്യ മണിക്കുട്ടിയും 4.18 ആര്‍ വസ്തുവിന്റെ ആധാരം തങ്ങളറിയാതെ ഈടുവെച്ച് കെഎസ്എഫ്ഇയില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ വായ്പ എടുത്തതിനെതിരെ മണ്ണഞ്ചേരി പൊലീസില്‍ ജനുവരിയില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. പിന്നീട് മാര്‍ച്ച് നാലിന് ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.

ഇവര്‍ ആലപ്പുഴ ഈവനിങ് ശാഖയില്‍ നിന്ന് എട്ട് ലക്ഷം രൂപയാണ് വായ്പ എടുത്തത്. ഈ തുക മടക്കി അടച്ചെങ്കിലും ആധാരം തിരികെ ലഭിച്ചില്ല. പിന്നീട് ജപ്തി നോട്ടീസ് ലഭിച്ചു. അപ്പോഴാണ് തങ്ങളുടെ ആധാരം ഉപയോഗിച്ച് മറ്റ് വായ്പകള്‍ എടുത്തതായും ചിട്ടിപിടിച്ചതായും അറിയുന്നത്.

ജീവനക്കാരുടെ ഒത്താശയോടെയാണ് രാജീവ് തട്ടിപ്പ് നടത്തിയതെന്നും അതിനാലാണ് കെഎസ്എഫ്ഇ അധികൃതര്‍ നടപടി സ്വീകരിക്കാന്‍ വൈമുഖ്യം കാണിച്ചതെന്നാണ് ആക്ഷേപം. ഭരണകക്ഷി യൂണിയന്‍ നേതാവായതിനാല്‍ രാഷ്ട്രീയ സംരക്ഷണവും ഇയാള്‍ക്കുണ്ടെന്ന് പരാതിക്കാര്‍ പറുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.