ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി. പിറവികൊണ്ട നാള്‍ മുതല്‍ നുണ പറയാനാരംഭിച്ച രാജ്യമാണ് പാകിസ്ഥാനെന്നും അതിനാല്‍ പാക് നുണപറയുന്നതില്‍ അത്ഭുതമില്ലെന്നും 75 കൊല്ലം കൊണ്ട് ഇന്ത്യയ്ക്ക് അത് ശീലമായിക്കഴിഞ്ഞിരിക്കുകയാണെന്നും വിക്രം മിസ്രി വ്യക്തമാക്കി. ഇന്ത്യന്‍ ജെറ്റ് വിമാനങ്ങളെ വീഴ്ത്തിയെന്ന പാക് അവകാശവാദത്തെ കുറിച്ച് വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
വ്യാഴാഴ്ച രാത്രി ഇന്ത്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നടത്താനിരുന്ന പാക് ആക്രമണപദ്ധതി ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. നീലം-ഝലം അണക്കെട്ട് തകര്‍ക്കാന്‍ ഇന്ത്യ ലക്ഷ്യമിട്ടതായുള്ള പാക് ആരോപണത്തേയും മിസ്രി തള്ളി. കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ ആരോപണമാണ് പാകിസ്ഥാന്‍ നടത്തിയിരിക്കുന്നതെന്ന് മിസ്രി പറഞ്ഞു. ഭീകരരുടെ കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പാകിസ്ഥാന് തന്നെ പ്രതികൂലമായിത്തീരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്കെതിരെ ഇനിയൊരു പ്രകോപനത്തിന് മുതിരുന്ന പക്ഷം കനത്ത തിരിച്ചടിയുണ്ടാകുമെന്നും മിസ്രി മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് തുടക്കമിട്ടത് പാകിസ്ഥാനാണെന്നും പ്രത്യാക്രമണമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതെന്നും മിസ്രി വ്യക്തമാക്കി. ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ബന്ധപ്പെട്ടതായുള്ള പാക് വാദവും മിസ്രി നിരസിച്ചു.
ഇന്ത്യന്‍ മിസൈലാക്രണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം പാക് ദേശീയപതാക പുതപ്പിച്ചതില്‍ നിന്ന് പാകിസ്ഥാന്‍ ഭീകരവാദികള്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും പിന്തുണയും വ്യക്തമാണെന്നും മിസ്രി പറഞ്ഞു. ജമ്മു കാശ്മീരിലെ സിഖ് മതസ്ഥരേയും പൂഞ്ചിലെ ഗുരുദ്വാരയേയും ലക്ഷ്യമാക്കി പാക് ആക്രമണം നടത്തിയതായും മിസ്രി കൂട്ടിച്ചേര്‍ത്തു. പാക് ആക്രമണത്തില്‍ 16 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അദേഹം അറിയിച്ചു.
ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാന്‍ എന്ന വസ്തുത ആവര്‍ത്തിച്ചുറപ്പിക്കുന്ന നടപടികളാണ് അവരുടെ ഭാഗത്തുനിന്ന് എല്ലായ്പോഴും ഉണ്ടാകുന്നത്. ഒസാമ ബിന്‍ ലാദനെ സംരക്ഷിച്ചതാരാണെന്നും ലാദനെ എവിടെയാണ് ഒടുവില്‍ കണ്ടെത്തിയതെന്നുമുള്ള കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച രാജ്യമാണ് പാകിസ്ഥാന്‍. ഐക്യരാഷ്ട്രസഭയും മറ്റ് രാഷ്ട്രങ്ങളും ഭീകരരെന്ന് മുദ്രകുത്തിയവര്‍ക്ക് എല്ലാ വിധ സഹായവും പിന്തുണയും നല്‍കുന്നത് പാകിസ്ഥാനാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.