വിശുദ്ധമായ ഒരു അടയാളവും ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളിൽ പ്രകാശവും മരണനേരത്ത് സ്വർഗത്തിലേക്കുള്ള കവാടവുമാണ് ജ്ഞാനസ്നാനം: മാർപാപ്പയുടെ ഞായറാഴ്ച ദിന സന്ദേശം

വിശുദ്ധമായ ഒരു അടയാളവും ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളിൽ പ്രകാശവും മരണനേരത്ത് സ്വർഗത്തിലേക്കുള്ള കവാടവുമാണ് ജ്ഞാനസ്നാനം: മാർപാപ്പയുടെ ഞായറാഴ്ച ദിന സന്ദേശം

വത്തിക്കാൻ സിറ്റി: മാമോദീസായിലൂടെ നമുക്കു ലഭിച്ച ദാനങ്ങളെക്കുറിച്ച് ധ്യാനിക്കുകയും സന്തോഷത്തോടും സ്ഥിരതയോടും കൂടി അവയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യണമെന്ന് വിശ്വാസികളെ ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ കൊണ്ടാടിയ ഞായറാഴ്ച, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചുകൂടിയ ആയിരക്കണക്കിന് തീർത്ഥാടകരെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു മാർപാപ്പ.

ദനഹാ തിരുനാളിന് ശേഷം വരുന്ന ഞായറാഴ്ചയാണ് ക്രിസ്മസ് കാലത്തിന് സമാപ്തി കുറിച്ച് സഭ ആരാധനക്രവത്സരത്തിലെ സാധാരണ കാലത്തിലേക്ക് കടക്കുന്നത്. കർത്താവിൻ്റെ പ്രവൃത്തികൾ അനുകരിച്ച് നമ്മുടെ അയൽക്കാരെ സ്നേഹിക്കാനും അവിടുത്തെ വചനങ്ങൾ ശ്രവിക്കാനും ഒന്നുചേർന്ന് അവിടുത്തെ അനുഗമിക്കാനുമുള്ളതാണ് ഈ കാലയളവെന്ന് പാപ്പാ പറഞ്ഞു.

ജോർദാൻ നദിയിലെ യേശുവിന്റെ സ്നാനം, നമ്മുടെ മാമോദിസാവേളയിലെ വാഗ്ദാനങ്ങളുടെ നവീകരണത്തിന് നമ്മെ ക്ഷണിക്കുന്നു. മാമോദീസ എന്ന കൂദാശയിലുടെ നാം പാപത്തിൽ നിന്ന് മോചിതരാവുകയും ജീവദായകനായ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ദൈവമക്കളാകുകയും ചെയ്യുന്നു.

മത്തായിയുടെ സുവിശേഷത്തിൽ വിവരിച്ചിരിക്കുന്നതുപോലെ ദൈവത്വം ഒന്നാകെ ചരിത്രത്തിലേക്ക് ഇറങ്ങിവന്ന സംഭവമാണ് യേശുവിന്റെ മാമോദീസ. ജോർദാൻ നദിയിലെ വെള്ളത്തിലേക്ക് പുത്രനായ ദൈവം ഇറങ്ങിയപ്പോൾ, പരിശുദ്ധാത്മാവ് അവിടുത്തെമേൽ ഇറങ്ങിവരുകയും യേശുവിലൂടെ ഒരു രക്ഷാശക്തിയായി നമുക്കു നൽകപ്പെടുകയും ചെയ്തു.

മാമോദീസ നമ്മെ ഓരോരുത്തരെയും സഭയിലേക്ക് കൊണ്ടുവരുന്നു

നമ്മുടെ ജീവിതങ്ങളെയും മുറിവുകളെയും പ്രതീക്ഷകളെയും സ്പർശിക്കാതെ, അകലെ നിന്ന് ലോകത്തെ വീക്ഷിക്കുന്നവനല്ല ദൈവം. മാംസം ധരിച്ച വചനത്തിൻ്റെ ജ്ഞാനവുമായി അവിടുന്ന് നമ്മുടെ ഇടയിലേക്ക് കടന്നുവരുന്നു. മനുഷ്യവംശം മുഴുവനും വേണ്ടിയുള്ള അതിശയകരമായ സ്നേഹത്തിന്റെ പദ്ധതിയിലേക്ക് അവിടുന്ന് നമ്മെ മാടിവിളിക്കുന്നു.

ദൈവത്തിന്റെ അനന്തമായ കരുണ വെളിപ്പെടുത്താൻ വേണ്ടി പാപികൾക്കൊപ്പം സ്നാനം സ്വീകരിച്ച നമ്മുടെ കർത്താവിൻ്റെ പ്രവൃത്തി സ്നാപകയോഹന്നാനെ അത്ഭുതപ്പെടുത്തി. ജ്ഞാനസ്നാനമെന്ന കൂദാശയിലൂടെ എല്ലാ ജനതകളിലെയും സംസ്കാരങ്ങളിലെയും പുരുഷന്മാരും സ്ത്രീകളും ചേർന്ന ദൈവജനം അവിടുത്തെ ആത്മാവിനാൽ വീണ്ടും ജനിക്കുകയും സഭാജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. 'നമുക്കു ലഭിച്ച ഈ മഹാദാനത്തെ നമുക്ക് ഓർമ്മിക്കാം. സന്തോഷത്തോടും ആധികാരികയോടും കൂടി നമുക്ക് അതിന് സാക്ഷ്യം വഹിക്കാം' - പാപ്പാ പറഞ്ഞു.

അന്നേദിവസം പ്രഭാതത്തിൽ, സിസ്റ്റൈൻ ചാപ്പലിൽ ഇരുപതു നവജാത ശിശുക്കളെ താൻ ജ്ഞാനസ്നാനപ്പെടുത്തിയ കാര്യം പാപ്പാ അനുസ്മരിച്ചു. അവർ വിശ്വാസത്തിൽ നമ്മുടെ പുതിയ സഹോദരരാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
'എന്നേക്കും നമ്മോടൊപ്പമുള്ള വിശുദ്ധമായ ഒരു അടയാളവും ഇരുണ്ട നിമിഷങ്ങളിൽ പ്രകാശവും ജീവിത സംഘർഷങ്ങളിൽ അനുരഞ്ജനവും മരണനേരത്ത് സ്വർഗത്തിലേക്കുള്ള കവാടവുമാണ് ജ്ഞാനസ്നാനമെന്ന ആദ്യത്തെ കൂദാശ' - ഈ വാക്കുകളോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.