"രക്തചൊരിച്ചിൽ അവസാനിപ്പിക്കൂ, ചർച്ചയിലൂടെ സമാധാനം തേടൂ"; കോംഗോയ്ക്കായി പ്രാർത്ഥിച്ച് മാർപാപ്പ


വത്തിക്കാൻ സിറ്റി: അശാന്തിയുടെ കനലുകൾ എരിയുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സമാധാനം പുലരാൻ ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികൾക്ക് നൽകിയ ത്രികാലജപ സന്ദേശത്തിലാണ് പാപ്പായുടെ വികാരാധീനമായ അഭ്യർത്ഥന.

കിഴക്കൻ കോംഗോയിൽ തുടരുന്ന സംഘർഷങ്ങൾ കനത്ത മാനുഷിക ദുരന്തമാണ് വിതയ്ക്കുന്നത്. അക്രമം ഭയന്ന് വീടും നാടും ഉപേക്ഷിച്ച് അയൽ രാജ്യമായ ബുറുണ്ടിയിലേക്ക് പലായനം ചെയ്യുന്ന കുടുംബങ്ങളുടെ ദയനീയാവസ്ഥ പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. "ആയുധം താഴെ വെച്ച്, ചർച്ചകളിലൂടെ അനുരഞ്ജനത്തിന്റെ പാത വെട്ടിത്തുറക്കാൻ നാം പ്രാർത്ഥിക്കണം," എന്ന് പാപ്പ ഓർമ്മിപ്പിച്ചു.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലയുന്ന ദക്ഷിണാഫ്രിക്കൻ ജനതയെയും സഭാത്തലവൻ മറന്നില്ല. പ്രകൃതി ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാപ്പ ക്രൈസ്തവ സഭകൾക്കിടയിലുള്ള ലയനത്തിനും യോജിപ്പിനുമായി ആചരിക്കുന്ന 'പ്രാർത്ഥനാ വാരത്തിന്' തുടക്കമായെന്നും ഓർമ്മിപ്പിച്ചു. ഭിന്നതകൾ മറന്ന് ക്രിസ്തുവിൽ ഒന്നാകാൻ എല്ലാവരും പരിശ്രമിക്കണമെന്നും ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.