എതിരില്ലാത്ത മൂന്ന് ഗോളിന് അസമിനെ പരാജയപ്പെടുത്തി; കേരളം സന്തോഷ് ട്രോഫി സെമിയില്‍

എതിരില്ലാത്ത മൂന്ന് ഗോളിന് അസമിനെ പരാജയപ്പെടുത്തി; കേരളം സന്തോഷ് ട്രോഫി സെമിയില്‍

ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്ബോളില്‍ ആതിഥേയരായ അസമിനെ പരാജയപ്പെടുത്തി കേരളം സെമിയില്‍. ചൊവ്വാഴ്ച സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് കേരളം സെമിയിലെത്തിയത്. വ്യാഴാഴ്ച്ച നടക്കുന്ന സെമിയില്‍ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി.

മത്സരത്തിന്റെ പരിനേഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ എം. മനോജും 44-ാം മിനിറ്റില്‍ മുഹമ്മദ് അജ്സലും ഇന്‍ജുറി ടൈമില്‍ പകരക്കാരന്‍ അബൂബക്കര്‍ ദില്‍ഷാദുമാണ് കേരളത്തിനായി ഗോളടിച്ചത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച് ക്യാപ്റ്റന്‍ എം. മനോജ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ മുഹമ്മദ് അജ്സലിലൂടെ കേരളം രണ്ടാം ഗോളും കണ്ടെത്തി. മനോഹരമായ ഒരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോള്‍.

രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയും ഗോള്‍കീപ്പര്‍ ഹജ്മലും ഉറച്ചു നിന്നു. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ സജീഷിന്റെ പാസില്‍ നിന്നും അബൂബക്കര്‍ ദില്‍ഷാദ് കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-1) തമിഴ്നാടിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് പഞ്ചാബുമായുള്ള സെമി പോരാട്ടം നിര്‍ണായകമാകും. മറ്റൊരു ക്വാര്‍ട്ടറില്‍ രാജസ്ഥാനെ തോല്‍പ്പിച്ച റെയില്‍വേസും സെമിയില്‍ കടന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.