നോമ്പുകാലം ദൈവകൃപ അനുഭവിക്കുന്നതിന് തടസമായി നിൽക്കുന്ന എല്ലാറ്റിൽനിന്നും നമ്മുടെ ഹൃദയങ്ങളെ മോചിപ്പിക്കുന്ന അവസരം: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

നോമ്പുകാലം ദൈവകൃപ അനുഭവിക്കുന്നതിന് തടസമായി നിൽക്കുന്ന എല്ലാറ്റിൽനിന്നും നമ്മുടെ ഹൃദയങ്ങളെ മോചിപ്പിക്കുന്ന അവസരം: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: നോമ്പുകാലയാത്ര തുടരുന്ന വേളയിൽ കൂടുതൽ ശ്രദ്ധാപൂർവ്വമായ ശുശ്രൂഷയ്ക്കും ആധികാരികമായ ശിഷ്യത്വത്തിനും ആത്മീയ നവീകരണത്തിനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. നോമ്പിലെ മൂന്നാം ഞായറാഴ്ച, അന്നേ ദിവസത്തെ സുവിശേഷ വായനയെ അടിസ്ഥാനമാക്കി വിചിന്തനങ്ങൾ പങ്കുവയ്ക്കുകയായിരുന്നു പാപ്പാ.

വെള്ളം കോരാൻവേണ്ടി കിണറിന്റെ കരയിൽ വന്ന സമരിയക്കാരി സ്ത്രീയും യേശുവുമായുള്ള സംഭാഷണത്തെപ്പറ്റി പരാമർശിച്ച പാപ്പാ, മനുഷ്യൻ്റെ ആത്മീയദാഹത്തോട് യേശു എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും യഥാർത്ഥ ശിഷ്യത്വത്തിലേക്ക് അവിടുന്ന് നമ്മെ എങ്ങനെയാണ് ക്ഷണിക്കുന്നതെന്നും എടുത്തുപറഞ്ഞു.
യേശുവുമായുള്ള കണ്ടുമുട്ടൽ, ഓരോ വ്യക്തിയുടെയും ഹൃദയത്തിൻ്റെ ആഴങ്ങളിൽനിന്ന് നിത്യജീവനിലേക്ക് പ്രവഹിക്കുന്ന നീരുറവയായി പൊട്ടിപ്പുറപ്പെടുമെന്ന് പാപ്പാ പറഞ്ഞു.

ജീവൻ്റെ ഉറവിടമായ യേശുവുമായുള്ള കൂടിക്കാഴ്ച

ദൈവകൃപ അനുഭവിക്കുന്നതിന് തടസ്സമായി നിൽക്കുന്ന എല്ലാറ്റിൽനിന്നും നമ്മുടെ ഹൃദയങ്ങളെ മോചിപ്പിക്കുന്ന സവിശേഷമായ അവസരമാണ് നോമ്പുകാലമെന്ന് ലിയോ പാപ്പാ പറഞ്ഞു. 'ദൈവം കല്ലുകൾക്കും മണ്ണിനും അടിയിൽ മൂടപ്പെട്ടതായി തോന്നുമ്പോൾ അവനെ വീണ്ടും കുഴിച്ചെടുക്കേണ്ടതായി വരും' - ഡച്ച് യഹൂദ വംശജയായ എഴുത്തുകാരി എറ്റി ഹില്ലേസമിനെ ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു.

ശരിയായ അവബോധത്തിലേക്കും ശുശ്രൂഷയിലേക്കുമുള്ള വിളി

യേശു ഒരു സമരിയാക്കാരി സ്ത്രീയുമായി സംസാരിക്കുന്നതു കണ്ടപ്പോൾ, ശിഷ്യന്മാർ ആശ്ചര്യത്തോടെയാണ് അതിനോട് പ്രതികരിച്ചത്. ഇത് അവിടുത്തെ ദൗത്യത്തെ അംഗീകരിക്കുന്നതിന് അവർക്കുണ്ടായ വൈമനസ്യമാണ് കാണിക്കുന്നത് - പാപ്പാ പറഞ്ഞു.

'നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞു കൊയ്ത്തിനു പാകമായിരിക്കുന്നു.' (യോഹന്നാന്‍ 4 : 35) അദൃശ്യമെങ്കിലും ദൈവകൃപ അംഗീകരിക്കേണ്ടതിൻ്റെ ആവശ്യകതയെ യേശുവിൻ്റെ ഈ വാക്കുകൾ എടുത്തുകാട്ടുന്നു. യേശുവിൻ്റെ കരുതലോടെയുള്ള ശ്രദ്ധയും കുറ്റം വിധിക്കാതിരിക്കാനുള്ള മനോഭാവവും ക്രിസ്ത്യാനികളായ നാമെല്ലാവരും മാതൃകയാക്കണമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

സ്ത്രീകളുടെ സുവിശേഷ പ്രവർത്തനം

സമരിയക്കാരി സ്ത്രീ ആദ്യമായി വഹിച്ച പങ്ക്, സ്ത്രീകളായ സുവിശേഷ പ്രവർത്തകരുടെ കർത്തവ്യത്തെപ്പറ്റിയാണ് നമ്മോട് പറയുന്നതെന്നതെന്ന് പാപ്പാ വ്യക്തമാക്കി. തൻ്റെ സാക്ഷ്യത്തിലൂടെ ആ സമൂഹത്തെ മുഴുവൻ അവൾ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സ്വന്തം സമയം നഷ്ടപ്പെടുന്നതു ഗൗനിക്കാതെ, നാം കണ്ടുമുട്ടുന്ന ഒരു വ്യക്തിക്ക് വേണ്ടതായ ശുശ്രൂഷ ചെയ്യുന്നത് എത്ര മനോഹരമായ കാര്യമാണെന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി.

സമാധാനത്തിനും ഐക്യത്തിനുമായുള്ള ആഹ്വാനം

അവസാനമായി, സത്യത്തിനും നീതിക്കും വേണ്ടി ദാഹിക്കുന്നവർക്കായി ശുശ്രൂഷ ചെയ്യാൻ, സഭയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം തേടണമെന്ന് മാർപാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു. 'നാം' എന്നതിനു പകരം 'അവർ' എന്ന് ചിന്തിക്കരുതെന്നും അങ്ങനെ ഭിന്നതകളെ മറികടക്കണമെന്നും പാപ്പാ മുന്നറിയിപ്പു നൽകി.
ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരായ നാം, നിരന്തരം സമാധാനത്തിൻ്റെ വഴികൾ അന്വേഷിക്കുന്നവരും ആകണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് ലിയോ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.